പാലക്കാട്: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വീട്ടിക്കുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിഴിത്തിരിവ്. ചന്ദന മോഷണത്തിനായി വനത്തിലെത്തിയ ആറംഗ സംഘത്തിലൊരാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. മോഷണം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ഉപേക്ഷിച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചുരുളഴിഞ്ഞത് ചന്ദനമോഷണത്തിന്‍റെ കഥ
കഴിഞ്ഞ മാസം 18നാണ് വീട്ടിക്കുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ആനയുടെ കാല്‍പ്പാടുകളും മറ്റും കണ്ടിരുന്നതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിൽ എത്തി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 20ന് തച്ചമ്പാറ തേക്കുംപുറം മൊയ്‌തുവിന്‍റെ മകൻ ഷിൻ ഷാജുദ്ദീൻ്റെ മൃതദേഹമാണെന്ന് കണ്ടെത്തി.
ഷാജുദ്ദീൻ്റെ മൊബൈൽ ഫോണും പേഴ്‌സും കാണാതായതിൽ പൊലീസിന് സംശയം തോന്നിയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചന്ദന മോഷണത്തിന്‍റെ കഥ പുറത്ത് വരുന്നത്.
മോഷണത്തിനായി വനത്തിലെത്തി, കാട്ടാനയുടെ മുന്നില്‍പ്പെട്ടു
സെപ്റ്റംബർ 21ന് ആനക്കട്ടി മലവാരത്തുള്ള വട്ടലക്കി-പുളിയപ്പതി വനഭാഗത്ത് നിന്നും 4 ചന്ദനമരങ്ങൾ അഞ്ച് പേരടങ്ങുന്ന സംഘം മുറിച്ച് മുട്ടികളാക്കി. ഇതിൽ രണ്ട് ചന്ദനമരങ്ങൾ കച്ചവടം ചെയ്യുകയും ബാക്കി രണ്ട് ചന്ദനമരങ്ങൾ വനത്തിനകത്ത് ഒളിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സെപ്റ്റംബർ 25ന് വനംവകുപ്പിന്‍റെ പരിശോധനയിൽ ഈ ചന്ദനമരങ്ങൾ കണ്ടെത്തി.
ഒക്ടോബർ 15ന് വീണ്ടും വനഭാഗത്തേക്ക് പോയ അഞ്ച് പേർ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈയ്യിൽ ഷാജുദ്ദീൻ കുടുങ്ങി. കാട്ടാന ഷാജുദ്ദീനെ ആക്രമിക്കുന്ന സമയത്ത് കൂട്ടാളികൾ സമീപത്തുണ്ടായിരുന്നു.
ഷാജുദ്ദീൻ മരിച്ചെന്ന് മനസിലാക്കിയ ഇവര്‍ ഇയാളുടെ മൊബൈൽ ഫോണും പേഴ്‌സും ബാഗുമായി സ്ഥലം വിട്ടു. കോട്ടത്തറയിൽ എത്തിയ ഇവർ ബാഗ് കത്തിച്ചു. പേഴ്‌സിലെ പണം ഇവർ ഉപയോഗിക്കുകയും മൊബൈൽ ഫോൺ കോയമ്പത്തൂരിലെത്തി വിൽക്കുകയും ചെയ്‌തു.
സംഭവത്തിൽ പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ അബ്‌ദുൾ സലാം, മുജീബ്, ആനമൂളി സ്വദേശി ഫസൽ, കോട്ടത്തറ സ്വദേശി നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കേരള ഫോറസ്റ്റ് ആക്‌ട് 27,47 വകുപ്പുകളും ഐപിസി 379 വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read more: അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി