കോഴിക്കോട്: മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് സജീവ പരിഗണനയിലുള്ള എം ലിജുവിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. തുടര്‍ച്ചയായി തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംപി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കി.
തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിച്ച് കഴിവ് തെളിയിക്കട്ടെയെന്നാണ് കെ മുരളീധരൻ്റെ നിർദേശം. ലിജുവിനെതിരെ കെ.സി വേണുഗോപാല്‍ പക്ഷത്തുള്ള ഏഴ് ഭാരവാഹികള്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വറിന് കത്തെഴുതിയിട്ടുമുണ്ട്. തുടര്‍ച്ചയായി തോറ്റവരെ പരിഗണിക്കരുതെന്നാണ് ഇവരുടെയും ആവശ്യം.
ലിജുവിന് പുറമെ കോണ്‍ഗ്രസ് പരിഗണനയിലുള്ള കെ സുധാകരന്‍റെ വലംകൈ സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവരെ കൂടി ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിലെ പടയൊരുക്കം. അതേസമയം, കേരളത്തില്‍ നിന്നുള്ള ഒഴിവിലേക്ക് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ള ശ്രീനിവാസന്‍ കൃഷ്‌ണനെ കെട്ടിയിറക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
കേരളത്തില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. രണ്ടെണ്ണത്തില്‍ സിപിഎമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. ഇരുപാര്‍ട്ടികളും യുവാക്കളെയാണ് രാജ്യസഭയിലേക്ക് അയക്കുന്നത്. എ.എ റഹീം, സന്തോഷ് കുമാര്‍ എന്നിവരാണ് സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍.
Also read: ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍