കോട്ടയം: ചന്തക്കവലക്ക് സമീപം അപസ്‌മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസ് കയറി മരിച്ചു. തടത്തിപ്പറമ്പ് സ്വദേശി ബേബിയുടെ മകൻ രാജേഷാണ് (35) മരിച്ചത്. ബസിനടിയിലേക്ക് കുഴഞ്ഞുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
അപസ്‌മാര രോഗിയായ രാജേഷിന് കടുത്ത പ്രമേഹവുമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ചന്തക്കവലയിൽ എം.എൽ റോഡിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടക്കാന്‍ ശ്രമിച്ച രാജേഷ് കാൽവഴുതി റോഡരികിലേക്ക് വീണു. ഈ സമയം ഇതുവഴി എത്തിയ കോട്ടയം-കോളനി റൂട്ടിലോടുന്ന ബസ് രാജേഷിന്‍റെ ശരീരത്തില്‍ കയറി ഇറങ്ങി.
രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചെങ്കിലും ബസിന്‍റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. അവിവാഹിതനാണ്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.