എറണാകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് രാപകൽ സമരം ആരംഭിച്ചു. സമരം കൊച്ചി മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എല്ലാമേഖലകളിലും സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്ന മോദി സർക്കാറിന്റെ നയം തന്നെയാണ് പിണറായി സര്‍ക്കാരും തുടരുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ പണം ധൂർത്തടിക്കുന്നു. പരാജയപ്പെട്ട മുൻ എം.പിക്ക് പോലും ക്യാമ്പിനറ്റ് പദവി നൽകി. ഉപദേശകരെ തട്ടി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പി.എസ്.സി. ക്രമക്കേട് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ കെടുകാര്യസ്ഥത വ്യക്തമാണെന്നും ഭരണപരാജയങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നിൽക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ ഉൾപ്പടെ പ്രമുഖ കോൺഗ്രസ് നേതാക്കളും, എറണാകുളം ജില്ലയിലെ യു.ഡി.എഫ് നേതാക്കളും രാപകല്‍ സമരത്തിൽ പങ്കെടുത്തു. രാപകൽ സമരം ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെ അവസാനിക്കും.