കണ്ണൂർ: വാർഷിക ഫീസ് അടക്കാത്ത വിദ്യാർഥികളെ പരീക്ഷ രജിസ്ട്രേഷൻ നടത്താൻ അനുവദിക്കില്ലെന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടിൽ നട്ടം തിരിഞ്ഞ് വിദ്യാർഥികൾ. അവസാന വർഷ ബി ഫാം പരീക്ഷ കാത്തിരിക്കുന്ന 62 ഓളം വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഈ മാസം 26നാണ് ഏഴാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നത്. എന്നാൽ വാർഷിക ഫീസായ 123605 രൂപ അടച്ചില്ലെന്ന കാരണത്താൽ മെറിറ്റിൽ ഉള്ള 15 പേരുടെ രജിസ്ട്രേഷൻ അല്ലാതെ ബാക്കിയുള്ളവരുടെ പരീക്ഷ രജിസ്ട്രേഷൻ അധികൃതർ നടത്തിയിട്ടില്ല. പരീക്ഷ ഫീസ് അടക്കാനുള്ള അവസാന തീയ്യതിക്കുള്ളിൽ എല്ലാ വിദ്യാർഥികളും പരീക്ഷ ഫീസ് അടച്ചിട്ടുണ്ട്.
വാർഷിക ഫീസിന്‍റെ അവസാന തീയതി സർക്കുലറില്ല
എന്നാൽ വാർഷിക ഫീസ് അടച്ചില്ലെന്ന് കാണിച്ചാണ് പരീക്ഷക്ക് രജിസ്ട്രേഷൻ നടത്താത്തതിന് കാരണമായി പറയുന്നത്. പരീക്ഷ ഫീസ് അടച്ചിട്ടും കോളജ് യൂണിവേഴ്‌സിറ്റിയിൽ അടക്കാത്തതിനാൽ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ 400 രൂപ ഫൈൻ കൂടെ അടക്കേണ്ടി വരും. ശനിയാഴ്‌ച ആണെങ്കിൽ 5115 രൂപ ഫൈനും 200 രൂപയുടെ മുദ്ര പത്രത്തിൽ ഇത്ര ദിവസം കൊണ്ട് ഫീസ് അടക്കുമെന്ന് എഴുതി നൽകണമെന്ന നിലപാടിലാണ് അധികൃതർ.
വാർഷിക ഫീസിന്‍റെ അവസാന തീയതി സർക്കുലറിൽ ഇല്ല. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സ് ആണ് നടന്നുകൊണ്ടിരുന്നത്. എന്നിട്ടും വാക്‌സിൻ ഫീസ്, ഇന്റർനെറ്റ് ഫീസ്, സ്പോർട്സ് ഫീസ്, സ്റ്റേഷനറി ഫീസ് തുടങ്ങിയവയും വാർഷിക ഫീസിനൊപ്പം ഉൾപ്പെടുത്തിയതും എന്തിനാണെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
കുത്തിയിരിപ്പ് സമരം നടത്തി വിദ്യാർഥികൾ
യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ പരീക്ഷ എഴുതാൻ പറ്റുമോ എന്ന ആശങ്കയിലാണ് 65 ഓളം വിദ്യാർഥികൾ. അതോടെ പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. പത്ത് മാസം മുൻപ് തന്നെ വാർഷിക ഫീസ് അടക്കാൻ ആവശ്യപ്പെട്ടതായും ഒരു മാസം അധികം നീട്ടി നൽകിയെന്നുമാണ് അധികൃതരുടെ വിശദീകരണം.
എത്രയും പെട്ടെന്ന് ഫൈൻ അടക്കം അടച്ചാൽ യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്യാമെന്നും പിന്നീട് റീ ഫണ്ട് ചെയ്യാമെന്നുമാണ് പ്രിൻസിപ്പൽ വിദ്യാർഥികളോട് പറയുന്നത്.
ALSO READ: ആശിഷ് മിശ്ര ശനിയാഴ്‌ച സുപ്രീം കോടതിയിൽ ഹാജരായില്ലെങ്കില്‍ നടപടിയെന്ന് യു.പി സർക്കാർ