ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ എട്ടാമത് മത്സരമായ കൈനകരി ജലോത്സവത്തിന് തിരശീല വീഴുമ്പോള്‍ നടുഭാഗം ചുണ്ടനിൽ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തി. നാല് മിനിറ്റ് ഏഴ് സെക്കന്‍റ് കൊണ്ട് തുഴഞ്ഞാണ് ട്രോപ്പിക്കൽ ടൈറ്റാൻ ടീമിന്റെ പേരിൽ അങ്കത്തിനിറങ്ങിയ പി.ബി.സി. ഒന്നാമതായി ഫിനിഷ് ചെയ്തത്.
കാരിച്ചാൽ ചുണ്ടനിൽ തുഴയെറിഞ്ഞ പൊലീസ് ബോട്ട് ക്ലബാണ് രണ്ടാമതെത്തിയത്. നാല് മിനിറ്റ് 13 സെക്കന്റ് സമയം കൊണ്ടാണ് റേഞ്ചിങ് റോവേഴ്സ് എന്ന പേരിലിറങ്ങിയ പൊലീസ് ബോട്ട് ക്ലബ്ബ് ഫിനിഷ് ചെയ്തത്. ചമ്പക്കുളം ചുണ്ടനിൽ ഇറങ്ങിയ യുണൈറ്റഡ് ബോട്ട് ക്ലബിന് നാലു മിനിറ്റ് 16 സെക്കന്‍റ് കൊണ്ട് മൂന്നാമത് എത്താനെ കഴിഞ്ഞുള്ളു. കോസ്റ്റ് ഡോമിനേറ്റാണ് യു.ബി.സിയുടെ ടീം. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് ഏറ്റവും കൂടുതൽ പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത്.