ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ജനുവരി 15 വരെയുള്ള പ്രത്യക്ഷ നികുതി പിരിവ് മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം കുറഞ്ഞുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ മുതൽ ജനുവരി 15 വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി പിരിവ് 7.26 ലക്ഷം കോടി രൂപയാണ് . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.73 ലക്ഷം കോടി രൂപയായിരുന്നു.
ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ സെപ്റ്റംബറിൽ സർക്കാർ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും 2019 ഒക്‌ടോബർ ഒന്നിന് ശേഷം നിർമിച്ച സ്ഥാപനങ്ങള്‍ക്ക് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു. പ്രത്യക്ഷ നികുതിയിൽ സിംഹഭാഗവും കോർപ്പറേറ്റ് നികുതിയാണെങ്കിലും നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ കോർപറേറ്റ് നികുതി പിരിവില്‍ ഇടിവ് നേരിട്ടു. ജനുവരി മാസത്തിലും കോർപറേറ്റ് നികുതി പിരിവ് മന്ദഗതിയിലാണ്. ഈ വർഷം ഏപ്രിൽ മുതൽ ജനുവരി 15 വരെ കോർപ്പറേറ്റ് നികുതി 3.87 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതി പിരിവ് 3.29 ലക്ഷം കോടി രൂപയുമാണ്.
ഇന്ത്യയിലെ പ്രധാന പ്രത്യക്ഷ നികുതി ശേഖരണ കേന്ദ്രങ്ങളായ മുംബൈ,ഡൽഹി, ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലും നികുതി പിരിവിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.