ജനീവ: കൊവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തില്‍ വുഹാനില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷനിൽ നിന്ന് റിപ്പോർട്ട് തേടി. സാഹചര്യം പഠിക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു ടീമിനെ എത്രയും വേഗം ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം ചൈന സന്ദർശിച്ച് വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചും അത് മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും. ലോകത്ത് 5,00,000-ത്തിലധികം ആളുകൾ രോഗം ബാധിച്ച് മരിച്ചു. അതിനാൽത്തന്നെ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ലോകാരോഗ്യ സംഘടന ചൈനീസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് എങ്ങനെ വൈറസ് പകർന്നുവെന്നും അന്വേഷിക്കും. വവ്വാലുകളെ പറ്റി പഠനം നടത്തും. കൂടാതെ മറ്റ് വൈറൽ രോഗങ്ങളായ നിപ ,സാഴ്സ് എന്നിങ്ങനെയുള്ള രോഗങ്ങളുടെ ചരിത്രം പരിശോധിക്കുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ഡിസംബർ 31 ന് വുഹാനിൽ ന്യൂമോണിയ കേസുകൾ ചൈനീസ് സർക്കാർ റിപ്പോർട്ട് ചെയ്തതായി ഡോ. സ്വാമിനാഥൻ പറഞ്ഞു. ജനുവരി ഒന്നിന് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് പഠനം സജീവമാക്കി. ഇത്തരത്തിൽ പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളുടെ ഭാഗമായി പഠനം നടത്താറുണ്ട്. കൊവിഡ് വൈറസ് വവ്വാലുകളുടെ വൈറസുകളുമായി വളരെ സാമ്യമുള്ളതാണെന്ന് സീക്വൻസുകൾ കാണിക്കുന്നുവെന്ന് ഡോ. സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന് കണ്ടുപിടിച്ചിട്ടില്ല. തെക്ക്-കിഴക്കൻ ഏഷ്യയിൽ വവ്വാലുകൾ ധാരാളം ഉണ്ട്.
ചൈന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ സംഘടന അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സംഘത്തെ എത്രയും വേഗം ചൈനയിലേക്ക് അയക്കുമെന്ന് ജനുവരി 29 ന് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31 ന് ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ കൺട്രി ഓഫീസ് വുഹാനിലെ 'വൈറൽ ന്യുമോണിയ' കേസുകളെക്കുറിച്ച് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് റിപ്പോർട്ട് എടുത്തിരുന്നു. തുടർന്ന് ഫെബ്രുവരി 11 ന് രോഗത്തിന് കൊവിഡ് 19 എന്ന് പേര് നൽകി. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ചൈന കാലതാമസം വരുത്തിയതിനാലാണ് സ്ഥിതി ഗുരുതരമാകാൻ കാരണമെന്നും വിലയിരുത്തലുണ്ട്.