ജയ്പൂര്‍: ആല്‍വാറില്‍ കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. കഴിഞ്ഞമാസം 26ന് നടന്ന കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി എസ് പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന്‍റെ സന്ദര്‍ശനം കോണ്‍ഗ്രസ് അനുകൂല വികാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഭര്‍ത്താവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ എതിരെ വന്ന ആറു പേര്‍ വഴി മധ്യേ തടഞ്ഞു നിര്‍ത്തുകയും ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടു പോയി പീഢിപ്പിക്കുകയുമായിരുന്നു. പിന്നീട് പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം മന്ദഗതിയിലാകുകയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും അന്വേഷണം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി സ്ത്രീയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നു വന്നത്.