മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യത്താകമാനം 154 കേന്ദ്രങ്ങളിലായി 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഫാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പരീക്ഷ മാറ്റിവെച്ചു. ഉച്ചക്ക് 2 മുതല്‍ 5 മണി വരെയാണ് പരീക്ഷ സമയം. കേരളത്തില്‍ 12 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളും പരീക്ഷയെഴുതും.
മുന്‍വര്‍ഷങ്ങളിലേതുപോലെ കര്‍ശന നിര്‍ദേശങ്ങളാണ് പരീക്ഷാര്‍ഥികള്‍ക്കായി പുറപ്പെടുവിച്ചത്. പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഹാളില്‍ പ്രവേശിക്കണം. ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡ്രസ് കോഡുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് വേണം. കൂർത്ത, പൈജാമ എന്നിവ പാടില്ല. ഷൂ ഉപയോഗിക്കാൻ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി ബെൽറ്റ്, സണ്‍ ഗ്ലാസ് എന്നിവയും ഉപയോഗിക്കരുത്. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയും ലെന്‍സും ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഭക്ഷ്യവസ്തുക്കള്‍, വാട്ടര്‍ ബോട്ടില്‍, ജ്യോമെട്രി ബോക്‌സ് എന്നിവയ്ക്കും വിലക്കുണ്ട്.