കാസർകോട്: മലബാറിൽ ഈ വർഷം 1200 ഹെക്ടറിൽ കൈപ്പാട് നെൽകൃഷിയിറക്കും. മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ കീഴിലാണ് കൃഷി നടത്തി വരുന്നത്. കൃഷിക്കായി നിലമൊരുക്കി വിത്തിടൽ ആരംഭിച്ചു. കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിലായി 21 പഞ്ചായത്തുകളിലാണ് കൈപ്പാട് കൃഷി നടത്തിവരുന്നത്. മൂന്നു ജില്ലകളിലായി കൈപ്പാട് കൃഷിക്ക് അനുയോജ്യമായ 4100 ഹെക്ടർ സ്ഥലമുണ്ട്. കഴിഞ്ഞ വർഷം 800 ഹെക്ടറിൽ കൃഷി ഇറക്കിയിരുന്നു. 970 ഓളം കർഷകർ കൃഷിയിൽ ഏർപ്പെട്ട് വരുന്നതായി കൈപ്പാട് നെൽകൃഷി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. വനജ പറഞ്ഞു. ഉപ്പിന്‍റെ അംശമുള്ളതും സാധാരണ വിളകൾ കൃഷി ചെയ്യാൻ സാധിക്കാത്തതുമായ ഭൂപ്രദേശങ്ങളിൽ വിത്തിറക്കുന്നു എന്നതാണ് കൈപ്പാട് കൃഷിയുടെ പ്രത്യേകത.
2014 മുതൽ കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ഓർക്കയമ്മ, കുതിര് എന്നീ നാടൻ നെല്ലിനങ്ങളും കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഏഴോം നെല്ലിനങ്ങളുമാണ് കൈപ്പാട് കൃഷിക്കായി ഉപയോഗിക്കുന്നത്. ഈ വർഷം 1200 ഹെക്ടറിൽ നെൽ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂനയൊരുക്കലടക്കമുള്ള പ്രാരംഭ നടപടികൾ പുഴയോരങ്ങളോട് ചേർന്നുള്ള കൈ പാടുകളിൽ ആരംഭിച്ചു.