ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച പൈലറ്റുമാരും ക്യാബിൻ ക്രൂവുമുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന നേട്ടം കൈവരിച്ച് വിസ്താര എയർലൈൻസ്. വിസ്താരയുടെ പ്രത്യേക വിമാനമായ യുകെ 963 ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിൽ എത്തിച്ചേർന്നു. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ച ക്രൂവാണ് ഈ വിമാനം പ്രവർത്തിപ്പിച്ചത്. യുകെ 960 എന്ന റിട്ടേൺ ഫ്ലൈറ്റും ഈ ക്രൂ തന്നെ പ്രവർത്തിപ്പിക്കും.
ഞങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും അവരുടെ ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ അവർക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്. പൂർണമായും വാക്‌സിൻ സ്വീകരിച്ച ക്യാബിൻ ക്രൂ ആണ് ഞങ്ങളുടെ ഈ പ്രത്യേക വിമാനത്തിൽ പ്രവർത്തിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും വിസ്താര ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കൃഷ്ണൻ പറഞ്ഞു.
ALSO READ: എസ്‌പിയിൽ ചേരുന്ന ബിഎസ്‌പി എംഎൽഎമാർ ഒരു മിഥ്യാധാരണ: മായാവതി
എയർപോർട്ട്, കോർപ്പറേറ്റ് സ്റ്റാഫ്, ക്യാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുൾപ്പെടെ 100 ശതമാനം ജീവനക്കാർക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നൽകിയിട്ടുണ്ടെന്ന് വിസ്താര എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.