മുംബൈ: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയെ വധിക്കാന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്‌ക്ക് മികച്ച തോക്ക് കണ്ടെത്താന്‍ ഹിന്ദുത്വവാദിയായ വിനായക് ദാമോദർ സവർക്കർ സഹായിച്ചുവെന്ന് ഗാന്ധിയുടെ മകന്‍റെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് കൃത്യം നടത്താൻ ഗോഡ്‌സെയ്‌ക്ക് നല്ല ആയുധമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സവര്‍ക്കര്‍ ഗോഡ്‌സെയെ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
'സവർക്കർ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമല്ല ചെയ്‌തത്. ബാപ്പുവിനെ കൊല്ലാൻ കാര്യക്ഷമമായ തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്‌സെയെ സഹായിക്കുകയുമുണ്ടായി. ബാപ്പു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് നല്ലൊരു ആയുധം ഗോഡ്‌സെയുടെ പക്കല്‍ ഉണ്ടായിരുന്നില്ല', തുഷാര്‍ വ്യക്തമാക്കി. ട്വീറ്റിലൂടെയാണ് തുഷാര്‍ ഗാന്ധിയുടെ അവകാശവാദം. അതേസമയം, തുഷാറിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് മഹാരാഷ്‌ട്ര ബിജെപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് തുഷാർ ഗാന്ധി നവംബര്‍ 20ന് പങ്കുവച്ചത്.
'പ്രബോധങ്കർ, ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടു': 'ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പിതാവും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മുത്തച്ഛനുമായ പ്രബോധങ്കർ താക്കറെ, രാഷ്‌ട്രപിതാവിനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഗാന്ധിയുടെ കൂട്ടാളികൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു', അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
1930കളിൽ ഗാന്ധിയെ വകവരുത്താൻ പലവട്ടം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വിദർഭയിലെ അകോളയിൽ കൊലപ്പെടുത്താനുളള നീക്കം സംബന്ധിച്ച് പ്രബോധങ്കർ താക്കറെ നൽകിയ മുന്നറിയിപ്പ് ബാപ്പുവിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. ഗാന്ധിയെ വകവരുത്താനുള്ള ശ്രമങ്ങളിൽ നിന്നും പിൻമാറാൻ സനാതനി ഹിന്ദു സംഘടന നേതാക്കളോട് പ്രബോധങ്കർ താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.