ചെന്നൈ: കൊവിഡ് കേസുകൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗൺ നീട്ടി. മെയ് 24 മുതൽ ഒരാഴ്‌ചത്തേക്കാണ് സമ്പൂർണ ലോക്ക്‌ഡൗൺ. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ വ്യക്തമാക്കി. മുൻപ് പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ നിയന്ത്രണം മെയ് 24 ന് അവസാനിക്കാരിക്കെയാണ് തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്‌ഡൗൺ നീട്ടിയത്. ആരോഗ്യ വിദഗ്‌ധരും നിയമസഭാകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സർക്കാർ തീരുമാനം ഉണ്ടായത്.
Read Also……തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍
ശക്തമായ നിയന്ത്രണങ്ങൾ തുടരുമെങ്കിലും മെഡിക്കൽ ഷോപ്പുകൾക്കും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും തുറന്ന് പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾ, എടിഎം സേവനങ്ങൾ, പാൽ, പത്രം, കുടിവെള്ളം എന്നിവയ്‌ക്ക് തടസമുണ്ടാകില്ല. ചരക്ക് നീക്കം തുടരും. കാർഷിക വസ്‌തുക്കളുടെ നീക്കം മുടക്കമില്ലാതെ നടക്കും. രാവിലെ എട്ട് മണിമുതൽ വൈകുന്നേരം ആറുവരെ ഇ കൊമേഴ്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും.സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഐ.ടി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽ തുടരണം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതി തുടരാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കേരളവും കർണാടകയും ലോക്ക്‌ഡൗൺ നീട്ടിയിരുന്നു. ജൂൺ ഏഴ് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. കൊവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 10നായിരുന്നു സര്‍ക്കാര്‍ ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് മെയ് 24ന് തീരാനിരിക്കേയാണ് നിയന്ത്രണങ്ങള്‍ നീട്ടി പുതിയ പ്രഖ്യാപനം പുറത്തു വരുന്നത്. കേരളത്തിൽ മെയ് 30വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മലപ്പുറം ഒഴികെയുള്ള മൂന്ന് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ നീക്കി. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്‌ഡൗണാണ് നീക്കിയത്.