ഗിരിധിഹ് : ജാർഖണ്ഡിൽ ഏഴ് പെൺകുട്ടികള്‍ മുങ്ങിമരിച്ചു. രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലാണ് അപകടമുണ്ടായത് (Seven Girls Drowned in Water Bodies in Jharkhand). ആദ്യ സംഭവം നടന്നത് ഗിരിധിഹ് ജില്ലയിലാണ് (Giridih District). ഇവിടെ നാല് പെൺകുട്ടികളാണ് കുളത്തിൽ മുങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ പച്ചമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പെതിയാടണ്ടിനടുത്തുള്ള സോന മഹതോ കുളത്തിലാണ് (Sona Mahato Pond) സംഭവം. ആചാരപരമായ 'കർമ്മ പൂജ' (Karma Pooja) നടത്തുന്നതിനിടെ അഞ്ച് പെൺകുട്ടികൾ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കുളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തിലകപ്പെട്ട അഞ്ച് കുട്ടികളും പതിനഞ്ച് വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ്. ഹന്ദാദി പ്രദേശത്തുനിന്നുള്ള സംഘം പൂജയ്‌ക്കായി മണ്ണ് ശേഖരിച്ച ശേഷം കുളത്തിൽ കുളിക്കുന്നനിടെ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. പെൺകുട്ടികൾ വെള്ളത്തിൽ നിന്ന് കയറാന്‍ പാടുപെടുന്നത് കണ്ട് കരയിലുണ്ടായിരുന്നവർ ബഹളം വച്ചു. ഇതോടെ ഗ്രാമവാസികൾ കുളക്കരയിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന് പെൺകുട്ടികളെ ഉടൻ കുളത്തിൽ നിന്ന് പുറത്തെടുക്കാനായെങ്കിലും ബാക്കി രണ്ട് പെൺകുട്ടികളെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് അടിത്തട്ടില്‍ നിന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അഞ്ചുപേരെയും സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലുപേർ മരിക്കുകയായിരുന്നു. രക്ഷപെടുത്താനായ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
"15 വയസ്സിന് താഴെ പ്രായമുള്ള അഞ്ച് പെൺകുട്ടികൾ കർമ്മ പൂജ നടത്തുന്നതിന് മുമ്പ് കുളിക്കാൻ കുളത്തിലേക്ക് പോയിരുന്നു. അവർ ആഴമുള്ള വെള്ളത്തിലേക്ക് ഇറങ്ങുകയും നാല് പേർ മുങ്ങിമരിക്കുകയും ചെയ്തു, ഒരാളെ രക്ഷപ്പെടുത്തി" ഗിരിദിഹ് പോലീസ് സൂപ്രണ്ട് ദീപക് കുമാർ പിടിഐയോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് ദുരന്തനിവാരണ വകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഗിരിദിഹ് ഡെപ്യൂട്ടി കമ്മീഷണർ നമൻ പ്രിയേഷ് ലക്ര പറഞ്ഞു.
അതേസമയം ജാർഖണ്ഡിൽ തന്നെ സാഹെബ്ഗഞ്ച് ജില്ലയിൽ നടന്ന മറ്റൊരു സംഭവത്തിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ നദിയിൽ മുങ്ങി മരിച്ചു. ബർഹെയ്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖേർവ ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. മൂന്ന് പെൺകുട്ടികൾ കുളിക്കാൻ വേണ്ടി ഗുമാനി നദിയിലേക്ക് ഇറങ്ങിയപ്പോൾ വെള്ളക്കെട്ടിൽ അകപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു. മന്താസ പർവീൻ (10), സീമ ഖാത്തൂൺ (11), സിമാൻ ഖാത്തൂൺ (15) എന്നിവരാണ് മരിച്ചത്. മൂന്ന് പെൺകുട്ടികളും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രാമത്തിൽ എത്തിയതായിരുന്നുവെന്ന് ബർഹെയ്ത് പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗൗരവ് കുമാർ പറഞ്ഞു.