ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ബരാമുള്ളയിൽ അല്‍-ബദര്‍ ഭീകര സംഘടനയിലെ അംഗങ്ങളായ ഏഴുപേര്‍ പിടിയില്‍. നാല് ഹൈബ്രിഡ് ഭീകരരെയും (ആദ്യമായി തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവർ) ഇവര്‍ക്ക് വേണ്ടി ഒത്താശ ചെയ്‌ത മൂന്നുപേരേയുമാണ് സുരക്ഷാസേന അറസ്റ്റ് ചെയ്‌തത്. സോപോറിലെ പലയിടങ്ങളിലും പൊലീസിനും സുരക്ഷാസേനയ്ക്കും നേരെ ആക്രമണം നടത്താൻ അൽ-ബദർ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, റാഫിയാബാദിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്.
റാഫിയാബാദ് സ്വദേശി വാരിസ് തന്ത്രി, സോപോർ സ്വദേശി അമീർ സുൽത്താൻ വാനി, ഹന്ദ്വാര സ്വദേശി താരിഖ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി അൽ-ബദറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മൂവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വക്താവ് അറിയിച്ചു.
ജമ്മു കശ്‌മീരിലെ അനന്ത്നാഗ് സ്വദേശികളും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരാക്രമണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുമുള്ള യൂസഫ് ബലൂസിയും ഖുർഷിദും അൽ-ബദറിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനും പുതുതായി റിക്രൂട്ട് ചെയ്‌തവർക്കായി ആയുധങ്ങൾ വാങ്ങാനും റാഫിയാബാദ് സോപോറിലെ തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും നിർദേശം നല്‍കിയെന്നും ഇവര്‍ മൊഴി നല്‍കി.
വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍, ബന്ദിപോറ സ്വദേശിയായ അഷ്‌റഫ് നസീർ ഭട്ട് എന്ന മറ്റൊരു ഹൈബ്രിഡ് ഭീകരനെ സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്‌തതായി പൊലീസ് വക്താവ് പറഞ്ഞു. ഭീകരര്‍ക്ക് ഒത്താശ ചെയ്‌ത ഡ്രങ്‌സൂ സ്വദേശി മുഹമ്മദ് അഷ്‌റഫ് മാലിക്, കലമാബാദ് മവാർ ഹന്ദ്വാര സ്വദേശി മുഹമ്മദ് അഫ്‌സൽ തോക്കർ, ഷെർഹാമ മാവാർ ഹന്ദ്വാര സ്വദേശി ഷബീർ അഹമ്മദ് ഷാ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
വൻതോതിലുള്ള ആയുധ ശേഖരവും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പണവും ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വക്താവ് വ്യക്തമാക്കി.