ന്യൂഡൽഹി: 'രാം സേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഭരണഘടന ബെഞ്ചിന്‍റെ കാര്യങ്ങൾ പൂർത്തിയായ ശേഷം ഞങ്ങൾ അത് പട്ടികപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
രാം സേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണെന്ന് ജനുവരി 19ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എട്ട് വർഷമായി കേസ് നിലനിൽക്കുന്നുണ്ടെന്നും എന്നാൽ ഈ ഹർജിയിൽ പ്രതികരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുബ്രഹ്മണ്യ സ്വാമി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2019ൽ അന്നത്തെ സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ ഈ വിഷയത്തിൽ യോഗം വിളിച്ചിരുന്നുവെന്നും രാം സേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കാൻ ശുപാർശ നൽകിയെന്നും സുബ്രഹ്മണ്യ സ്വാമി കോടതിയെ അറിയിച്ചിരുന്നു.
സ്വാമിയുടെ ഹർജി ഫെബ്രുവരി രണ്ടാം വാരത്തിൽ പരിഗണിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്‍റെ തെക്ക്-കിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയാണ് രാം സേതു.
യുപിഎ സർക്കാർ ആരംഭിച്ച വിവാദമായ സേതുസമുദ്രം ഷിപ്പ് ചാനൽ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ രാം സേതുവിനെ ദേശീയ സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന വിഷയം സുബ്രഹ്മണ്യ സ്വാമി നേരത്തെ ഉന്നയിച്ചിരുന്നു. 2007ൽ പദ്ധതിയുടെ പ്രവർത്തനം സ്റ്റേ ചെയ്‌തു. തുടർന്ന്, പദ്ധതിയുടെ സാമൂഹിക സാമ്പത്തിക പോരായ്‌മകൾ പരിഗണിക്കാമെന്നും രാം സേതുവിന് കേടുപാട് വരുത്താതെ ഷിപ്പിംഗ് ചാനൽ പദ്ധതിയിലേക്കുള്ള മറ്റൊരു വഴി തയ്യാറാക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
2019 നവംബർ 13ന് രാം സേതുവിനോടുള്ള നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. കേന്ദ്രത്തിന്‍റെ പ്രതികരണം ഫയൽ ചെയ്‌തില്ലെങ്കിൽ കോടതിയെ സമീപിക്കാനും സ്വാമിക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു.