വാഷിങ്ടണ്‍ : 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പ്രതിപക്ഷം ഒന്നിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്‌ച വാഷിങ്‌ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
'അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. ഇത് ജനങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞാൻ കരുതുന്നു. കണക്കുകൾ നോക്കൂ. പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തും' -രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ ബിജെപി വിരുദ്ധ പാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ഞങ്ങൾ എല്ലാ പ്രതിപക്ഷ കക്ഷികളുമായും സംഭാഷണം നടത്തുന്നുണ്ട്. ഇപ്പോഴത്തെ പുരോഗതിയിൽ ഞാൻ സംതൃപ്‌തനാണ്. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന ഇടങ്ങൾ ഉള്ളതിനാൽ ചില അവസരങ്ങളിൽ ചർച്ചകൾ സങ്കീർണമായി മാറുന്നുണ്ട്. അതിനാൽ തന്നെ അൽപം വിട്ടുവീഴ്‌ചകൾ ആവശ്യമാണ്. പ്രതിപക്ഷ മഹാസഖ്യത്തിൽ ആത്മവിശ്വാസമുണ്ട്' -രാഹുൽ പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും വരുതിയിലാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടികളെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. 'സർക്കാർ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ പിടിച്ചെടുക്കുകയാണ്. ഇക്കാര്യം മുമ്പ് വിവിധ പ്രതിപക്ഷ നേതാക്കൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ ഭരണ കക്ഷി അവയെയെല്ലാം നിഷേധിക്കുകയായിരുന്നു' -രാഹുൽ ഗാന്ധി വ്യക്‌തമാക്കി.
അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിന്‍റെ പേരിൽ പാർലമെന്‍റ് അംഗത്വം നഷ്‌ടമായതിനെ കുറിച്ചും രാഹുൽ ഗാന്ധി വാചാലനായി. അയോഗ്യത നടപടി തനിക്കൊരു നേട്ടമായെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. 'ഇത് എന്നെത്തന്നെ പൂർണമായും പുനർനിർവചിക്കാൻ അനുവദിക്കുന്നു. അവർ എനിക്ക് ഒരു സമ്മാനം നൽകിയെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർ അത് മനസിലാക്കുന്നില്ല' -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആഞ്ഞടിച്ച് രാഹുൽ : കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി യുഎസ് പര്യടനം തുടരുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാണെന്നും വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനാധിപത്യത്തിന്‍റെ അടിത്തറയ്‌ക്ക് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
ഹലോ മിസ്റ്റർ മോദി : ഇതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തന്‍റെ മൊബൈൽ ഫോണ്‍ ചോർത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സംരംഭകരുമായി ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള സംവാദത്തിനിടെയാണ് രാഹുൽ തന്‍റെ സ്വകാര്യതക്ക് നേരെ കടന്നുകയറ്റം ഉണ്ടായതായി വെളിപ്പെടുത്തിയത്.
ALSO READ : 'ഹലോ മിസ്‌റ്റര്‍ മോദി, എന്‍റെ ഐഫോൺ ചോര്‍ത്തുന്നുണ്ടെന്ന് അറിയാം'; യുഎസ് സംവാദത്തിനിടെ രാഹുല്‍ ഗാന്ധി
സംവാദത്തിനിടെ 'ഹലോ മിസ്റ്റർ മോദി, എന്‍റെ ഐ ഫോൺ നിങ്ങൾ ചോർത്തുന്നുണ്ടെന്നു കരുതുന്നു. വ്യക്തി വിവരങ്ങൾ സുരക്ഷിതമാക്കാനുള്ള ചട്ടങ്ങൾക്ക് താങ്കൾ രൂപം നൽകണം' എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം രാഹുലിന്‍റെ ആരോപണങ്ങളെ തള്ളി ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. ഫോണ്‍ ചോർത്തിയെന്ന രാഹുലിന്‍റെ ആരോപണം പച്ചക്കളമാണെന്നാണ് രവി ശങ്കർ പ്രസാദ് പറഞ്ഞത്.