ന്യൂഡല്‍ഹി: വെർച്വൽ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2020 പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഐഎംസി 2020 സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‌ച ആരംഭിക്കുന്ന കോണ്‍ഗ്രസ് വ്യാഴാഴ്‌ച അവസാനിക്കും. ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം മോദി ജനങ്ങളെ അഭിസംബോധന ചെയ്യും.
ആത്‌മനിർഭർ ഭാരത്, ഡിജിറ്റൽ ഇൻക്ലൂസിവിറ്റി, സുസ്ഥിര വികസനം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയും ഇത് സംബന്ധിക്കുന്ന കാഴ്‌ച്ചപാടുകള്‍ ആളുകളിലേക്ക് എത്തിക്കുകയുമാണ് ഐഎംസി 2020 ന്‍റെ ലക്ഷ്യം. ഇതിന് പുറമേ ടെലകോം, സാങ്കേതിക മേഖലകളിലെ ഗവേഷണത്തിനും വികസനത്തിനുമായി വിദേശ, സ്വദേശ നിക്ഷേപം കൂട്ടുകയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയില്‍ പറഞ്ഞു.
മൊബൈൽ കോൺഗ്രസിൽ മറ്റ് മന്ത്രാലയങ്ങളും പങ്കെടുക്കും. ഇതിന് പുറമേ ടെലികോം സിഇഒമാർ, ആഗോള സിഇഒമാർ, 5 ജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ്, ഡാറ്റാ അനാലിറ്റിക്‌സ്, ക്ലൗഡ് ആന്‍റ് എഡ്‌ജ് കമ്പ്യൂട്ടിങ്, ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ, സ്‌മാർട്ട് സിറ്റികൾ, ഓട്ടോമേഷൻ എന്നിമേഖലയിലെ വിദഗ്‌ധരും പങ്കെടുക്കും.