മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ വാട്ടർ ബോയ് ആയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അറിയപ്പെടുന്നത്. ഇടംകൈയൻ പേസ് ഓൾറൗണ്ടറായ അർജുനെ രണ്ട് തവണ മുംബൈ ക്യാമ്പിലെത്തിച്ചെങ്കിലും ഒരു തവണപോലും അവസരം നൽകിയിരുന്നില്ല. മുംബൈയുടെ പ്രതീക്ഷകൾ ആദ്യം തന്നെ അവസാനിച്ച സീസണായിരുന്നു ഇത്തവണത്തേത്. എന്നാൽ അവസാന മത്സരത്തിൽ പോലും അർജുന് അവസരം നൽകാൻ മുംബൈ മാനേജ്മെന്‍റ് തയ്യാറായില്ല.
അർജുനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ സച്ചിന്‍റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. സച്ചിൻ വിചാരിച്ചാൽ മകനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കില്ലേ എന്ന ചോദ്യം പലപ്പോഴും ക്രിക്കറ്റ് പ്രേമികൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ സച്ച് ഇൻസൈറ്റ് എന്ന ഷോയിൽ അർജുൻ ഇക്കൊല്ലം കളിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ സച്ചിൻ ടെൻഡുൽക്കർ.
ഇതൊരു വ്യത്യസ്‌തമായ ചോദ്യമാണ്. ഞാൻ എന്ത് ചിന്തിക്കുന്നു അല്ലെങ്കിൽ എനിക്ക് എന്ത് തോന്നുന്നു എന്നതല്ല പ്രധാനം. സീസണ്‍ ഇതിനകം അവസാനിച്ചുകഴിഞ്ഞു. അർജുനുമായുള്ള എന്‍റെ സംഭാഷണം എപ്പോഴും വെല്ലുവിളി നിറഞ്ഞതായിരിക്കും. അത് ബുദ്ധിമുട്ടുള്ളതായിരിക്കും. നിങ്ങൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് ക്രിക്കറ്റിനോട് ഇഷ്ടമുള്ളതുകൊണ്ടാണ്, അത് തുടരുക, കഠിനാധ്വാനം ചെയ്യുക, ഫലം പിന്നാലെ വരും - സച്ചിൻ പറഞ്ഞു.
ടീം സെലക്‌ഷനെക്കുറിച്ചും സച്ചിൻ വ്യക്‌തമാക്കി. ടീം സെലക്‌ഷനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ സെലക്ഷനിൽ ഞാൻ എന്നെത്തന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഈ കാര്യങ്ങളെല്ലാം ഞാൻ ടീം മാനേജ്മെന്‍റിന് വിടുന്നു. കാരണം ഞാൻ എല്ലായ്‌പ്പോഴും അങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് - സച്ചിൻ കൂട്ടിച്ചേർത്തു.