മുംബൈ: മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമർശത്തില്‍ ബിജെപി നേതാവ് നുപുർ ശർമ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. നുപുരിന് അവരുടെ അഭിപ്രായങ്ങൾ പറയാൻ അർഹതയുണ്ട്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ കോടതിയിലാണ് പോകാറുള്ളത്. അതിനാൽ തന്നെ നുപുറിന്‍റെ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കിൽ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.
'നുപുർ അവളുടെ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ ധാരാളം ഭീഷണികൾ അവളെ ലക്ഷ്യമിടുന്നതായി ഞാൻ കാണുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ കോടതിയിലാണ് പോകാറുള്ളത്. അതിനാൽ തന്നെ നുപുറിന്‍റെ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കിൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുക. ആരും സ്വയം ഡോൺ കളിക്കേണ്ട ആവശ്യമില്ല', കങ്കണ പറഞ്ഞു.
'ഇത് അഫ്‌ഗാനിസ്ഥാനല്ല, ജനാധിപത്യം എന്ന പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ശരിയായി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്‍റാണ് നമുക്കുള്ളത്. മറക്കുന്നവർക്ക് ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.' കങ്കണ കൂട്ടിച്ചേർത്തു. അതിനിടെ നുപുർ ശർമ്മക്ക് വധ ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും പരാമർശങ്ങളുടെ പേരിൽ താൻ പീഡിപ്പിക്കപ്പെടുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചതിന് പിന്നാലെ നേതാവിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.
ഒരു ടിവി ചാനൽ പരിപാടിക്കിടെയാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവന നുപുർ ശർമ്മ നടത്തിയത്. സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ബിജെപി നേതാവിന്‍റെ വിദ്വേഷ പ്രസ്‌താവന ഗള്‍ഫ് രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനും ഇടയാക്കിയിരുന്നു.
ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് എതിര്‍പ്പ് അറിയിച്ചത്. കൂടാതെ ഇന്ത്യൻ ഉത്‌പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ഇന്ത്യ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുള്ള ട്വീറ്റുകളും അറബ് രാജ്യങ്ങളിൽ നിന്നുയരുന്നുണ്ട്.