റാഞ്ചി: രണ്ടര വയസില്‍ നമ്മളൊക്കെ എന്തു ചെയ്യുകയായിരിക്കും. അമ്മയുടെ സാരിത്തുമ്പില്‍ ചുറ്റിപ്പിടിച്ച് നടത്തുകയോ, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളുമായി സമയം ചിലവഴിക്കുകയോ ആവും അല്ലേ?. എന്നാല്‍ ജാര്‍ഖണ്ഡിലെ ഒരു രണ്ടര വയസുകാരന്‍റെ വിശേഷങ്ങളറിയാം. ജയന്ത് എന്ന ജൂനിയര്‍ വിരാട് കോലിയുടെ വിശേഷങ്ങള്‍. അച്ഛന്‍ അമിത് കുമാറിന്‍റെ ഫോണില്‍ വിരാട് കോലിയുടെ കളി കണ്ടതോടെയാണ് ശരിയായ രീതിയില്‍ സ്വന്തം പേരുപോലും പറയാനാവത്ത പ്രായത്തില്‍ ജയന്തിന് ക്രിക്കറ്റിനോടുള്ള കമ്പം തുടങ്ങിയത്.
ഇത് കണ്ടറിഞ്ഞ് അച്ഛന്‍ വാങ്ങി നല്‍കിയ ബാറ്റുമേന്തി അവന്‍ ക്രിക്കറ്റ് കളിക്കാനാരംഭിച്ചു. എന്നും രാവിലെയും വൈകിട്ടും ക്രിക്കറ്റ് കളിക്കാനായില്ലെങ്കില്‍ ജയന്ത് ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാറില്ലെന്നാണ് മാതാപിതാക്കളായ അമിത് കുമാറും ജാനകി ദേവിയും പറയുന്നത്. വീട്ടിലെ മുതിര്‍ന്നവരോടൊപ്പം കളിക്കാനിറങ്ങി തനിക്ക് നേരെയെത്തുന്ന ഓരോ പന്തും ദൂരേയ്ക്ക് അടിച്ചകറ്റി പുഞ്ചിരിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധനയ്ക്ക് പ്രായമില്ലെന്ന് കൂടി തെളിയിക്കുയാണ് ഈ രണ്ടര വയസുകാരന്‍.
also read: മോഹന്‍ ഭഗവതിന്‍റെ ബ്ലൂടിക്ക് ട്വിറ്റര്‍ പുനസ്ഥാപിച്ചു
ആരാവണമെന്ന് ജയന്തിനോട് ചോദിച്ചാല്‍ വിരാട് കോലിയെന്ന് മാത്രമാണ് ജയന്തിന് പറയാനുള്ളത്. മറ്റു വസ്തുക്കളുടെ പേരൊന്നും പറയാനറിയില്ലെങ്കിലും ബാറ്റും ബോളും ഹെല്‍മറ്റുമെല്ലാം അവന് കാണാപാഠമാണ്. ജനിച്ച സമയത്ത് ജയന്തിന്‍റെ കാലുകള്‍ക്ക് ശരിയായ ചലനശേഷിയുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് നിരവധി ചികിത്സകള്‍ നടത്തിയാണ് കുട്ടിക്ക് നടക്കാന്‍ സാധിച്ചതെന്നും അച്ഛന്‍ അമിത് പറയുന്നു. എന്നാല്‍ നടന്നു തുടങ്ങും മുമ്പെ ക്രിക്കറ്റിനോടുള്ള അഭിനിവേശം അവനില്‍ കാണാനായെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസാരിക്കാനാരംഭിച്ചത് മുതല്‍ക്ക് ബാറ്റിനെയും ബോളിനെയും കുറിച്ചാണ് ജയന്ത് പറഞ്ഞതെന്ന് അമ്മ ജാനകി ദേവി പറയുന്നു. എന്നാല്‍ ഇത്രയും പെട്ടെന്ന് അവന്‍ ബാറ്റുമെടുത്തിറങ്ങുമെന്ന് കരുതിയില്ലെന്നും അഭിമാനത്തോട് അവര്‍ കൂട്ടിച്ചേര്‍ത്തു. അടങ്ങാത്ത അഭിനിവേശം തന്നെയാണ് മികവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കുന്നത്. നാളെകളില്‍ ഈ രണ്ടരവയസുകാരന് ഇന്ത്യന്‍ കുപ്പായത്തിലിറങ്ങാന്‍ കഴിയട്ട. കാത്തിരിക്കാം നിറഞ്ഞ കയ്യടികളുമായി ഈ ജൂനിയര്‍ വിരാടിന് വേണ്ടി.