ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‍റെ ജാതിയെ ബന്ധപ്പെടുത്തി പ്രകോപനപരമായ പ്രസ്‌താവന നടത്തിയെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിനും മല്ലികാർജുൻ ഖാർഗെയ്ക്കുമെതിരെ പരാതി. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്, ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ കെജ്‌രിവാളും കോൺഗ്രസ് അധ്യക്ഷൻ ഖാര്‍ഗെയും നടത്തിയ പ്രസ്‌താവന ചൂണ്ടിക്കാട്ടിയാണ് പരാതി. പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്യാന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്തത് ജാതീയമായുള്ള വേര്‍തിരിവാണെന്ന രൂപത്തിലായിരുന്നു നേതാക്കളുടെ വിമര്‍ശനം.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ പ്രവൃത്തിയിലും രാഷ്‌ട്രപതിയെ ഒതുക്കിനിര്‍ത്തിയ നടപടിയിലും പ്രതിഷേധിച്ച് 21 പ്രതിപക്ഷ പാർട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്. ഈ പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കള്‍ക്കെതിരായ പരാതി. രണ്ട് സമുദായങ്ങൾ / വിഭാഗങ്ങള്‍ എന്നിവര്‍ തമ്മിൽ ശത്രുതയും കേന്ദ്ര സര്‍ക്കാരില്‍ അവിശ്വാസവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രസ്‌താവന. രാഷ്‌ട്രീയ നേതാക്കൾ തങ്ങളുടെ നേട്ടങ്ങൾക്കായാണ് ഇത്തരം പ്രസ്‌താവനകൾ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ ഖാർഗെ ട്വീറ്റിലൂടെയാണ് സർക്കാരിനെതിരെ തിരിഞ്ഞത്.
രൂക്ഷ വിമര്‍ശനവുമായി കെജ്‌രിവാളും ഖാര്‍ഗെയും: 'മിസ്റ്റർ മോദി, ജനങ്ങൾ സ്ഥാപിച്ച ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് പാർലമെന്‍റ്. രാഷ്‌ട്രപതിയുടെ ഓഫിസ് പാർലമെന്‍റിന്‍റെ പ്രഥമ ഘടകമാണ്. നിങ്ങളുടെ സർക്കാരിന്‍റെ ധാർഷ്‌ട്യം പാർലമെന്‍ററി സംവിധാനത്തെയാകെ തകർത്തു. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ഇന്ത്യൻ പ്രസിഡന്‍റിന്‍റെ അവകാശം എടുത്തുകളഞ്ഞതിലൂടെ നിങ്ങളെന്താണ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ' - ഖാര്‍ഗെ ട്വീറ്റ് ചെയ്‌തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ദലിത്, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്‌ട്രപതി പദവിയിലേക്ക് എത്തിച്ചത് തെരഞ്ഞെടുപ്പ് കാരണങ്ങളാൽ മാത്രമാണെന്നും ഖാർഗെ ട്വീറ്റില്‍ കുറിച്ചു. പുതിയ പാർലമെന്‍റിന്‍റെ തറക്കല്ലിടലിന് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ല. ഇപ്പോൾ ഉദ്ഘാടനത്തിനും നിലവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്.
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, തൃണമൂല്‍, സിപിഎം ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രി മോദി ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിച്ചത്. പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യാനിരിക്കെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണ്, അല്ലാതെ പ്രധാനമന്ത്രിയല്ലെന്നാണ് രാഹുലിന്‍റെ വിമര്‍ശനം. മെയ് 21ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ALSO READ | 'പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്‌ട്രപതി'; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി