പട്‌ന : ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്‌ടം. സംസ്ഥാനത്തെ റോഡുകളിലും വിവിധ ആശുപത്രികളിലുമടക്കം വെള്ളം കയറി. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ഇതിനകം 13 പേരാണ് മരിച്ചത്.
നവാഡ മേഖലയില്‍ നിന്നുള്ള മൂന്ന് പേരും ഷെയ്‌ഖ്‌പുര - ലഖിസാരായിയില്‍ നിന്നുള്ള രണ്ട് പേരും ഗയയില്‍ നിന്നുള്ള രണ്ടുപേരും മുൻഗറില്‍ നിന്നുള്ള രണ്ട് പേരും ജാമുയി, സിവാൻ, കതിഹാർ, ഖഗാരിയ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇതില്‍ ആറ് പേര്‍ കര്‍ഷകരാണ്. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആദ്യ മഴയില്‍ തലസ്ഥാനം വെള്ളത്തിനടിയിലായി : സംസ്ഥാനത്ത് പെയ്‌ത ആദ്യ മഴയില്‍ തന്നെ ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വീര്‍ചന്ദ് പട്ടേല്‍ റോഡ്, വിവിഐപി റോഡ് എന്നിവ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് റേഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. റോഡുകളിലൂടെ എത്തിയ നിരവധി വാഹനങ്ങള്‍ കുഴികളില്‍ വീണ് കുടുങ്ങി. ജസ്റ്റിസ് സന്ദീപ് കുമാറിന്‍റെ കാര്‍ വെള്ളം നിറഞ്ഞ കുഴിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാര്‍ കുഴിയില്‍ നിന്ന് വലിച്ച് കയറ്റിയത്.
വെള്ളത്തില്‍ മുങ്ങി എന്‍എംസിഎച്ച് ആശുപത്രി : തലസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് പ്രധാന ആശുപത്രികളിലൊന്നായ എന്‍എംസിഎച്ചില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായി. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കാന്‍ കഴിയാതെ ഡോക്‌ടര്‍മാരും പ്രയാസത്തിലായി.
എന്‍എംസിഎച്ച് ആശുപത്രിയെ കൂടാതെ നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രി, സമസ്‌തിപൂര്‍ ആശുപത്രി, സദര്‍ ആശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി. രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനിടെ ഡോക്‌ടര്‍മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു. സമസ്‌തിപൂര്‍ മേഖലയിലും കനത്ത മഴയാണ്. മേഖലയിലെ നിരവധി വീടുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
അസമിനും ഹിമാചലിനും പിന്നാലെ ബിഹാറും : കാലവര്‍ഷമെത്തിയതിന് പിന്നാലെ അസമിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയും വ്യാപക നാശ നഷ്‌ടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിന് പിന്നാലെയാണ് ബിഹാറില്‍ നിന്നുള്ള മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും വാര്‍ത്തകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ആറ് പേരാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ നാശനഷ്‌ടങ്ങളില്‍ മൂന്ന് കോടി രൂപയുടെ നഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ചണ്ഡിഗഡ് - മണാലി ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. സ്‌കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങളാണ് യാത്ര തുടരാനാകാതെ റോഡില്‍ കുടുങ്ങി കിടന്നത്.
അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം അഞ്ച് ലക്ഷം പേരെ ദുരിതത്തിലാക്കി. ആയിര കണക്കിനാളുകളെയാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. നിരവധി റോഡുകള്‍ തകരുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്‌തു. സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.