ലക്‌നൗ: കെൻ-ബെത്വ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾ കേന്ദ്ര ജൽശക്തി മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലോക ജലദിനത്തോടനുബന്ധിച്ചും 'ക്യാച്ച് ദി റെയിൻ കാമ്പെയ്ൻ' വെർച്വൽ ലോഞ്ചിനിടെയുമാണ് കരാർ ഒപ്പിട്ടതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്നതിലൂടെ നദികളിൽ നിന്നുള്ള ജലം വരൾച്ച ബാധിത പ്രദേശങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 62 ലക്ഷം പേർക്ക് കുടിവെള്ള വിതരണത്തിനും 103 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഉത്തർപ്രദേശിലെ ഝാൻസി, മഹോബ, ലളിത്പൂർ, ഹാമിർപൂർ ജില്ലകൾക്കും പദ്ധതി ഗുണം ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. കെൻ നദിയിൽ ദൗധനിൽ ഡാം നിർമിക്കുന്നതും കെൻ-ബെത്വ നദി എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കനാലും പദ്ധതിയിൽ ഉൾപ്പെടുന്നു.