ന്യൂഡൽഹി : ഏവിയേഷൻ റെഗുലേറ്റർ ഡയറക്‌ടറുടെ നേതൃത്വത്തിൽ വിമാനത്താവളങ്ങളിൽ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം മുംബൈയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ ഉലച്ചിലിൽ യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ജനറൽ അരുൺ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മിന്നൽ പരിശോധന നടത്തിയത്. വിമാനങ്ങളുടെ ഫിറ്റ്നസും ക്യാബിൻ സുരക്ഷയും സംഘം വിലയിരുത്തി.
എയർക്രാഫ്റ്റ് സീറ്റുകൾ, ഫുഡ് ട്രേകൾ, വിൻഡോകൾ, ശുചിമുറികൾ തുടങ്ങിയവയിലെ സുരക്ഷ പ്രശ്‌നങ്ങളും സംഘം പരിശോധിച്ചു. ക്യാബിനുകൾ, കോക്‌പിറ്റുകള്‍ യാത്രക്കാരുടെ സീറ്റുകള്‍ എന്നിവയുടെ സുരക്ഷയും വിലയിരുത്തി.
മുംബൈയിൽ സ്പൈസ് ജെറ്റിലുണ്ടായ സംഭവത്തിന് പിന്നാലെ എല്ലാ സ്‌പൈസ് ജെറ്റ് വിമാനങ്ങളിലും അന്വേഷണം നടത്താനും ഏവിയേഷൻ റെഗുലേറ്റർ ഡയറക്‌ടർ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ എഴുപതിലധികം വിമാനങ്ങളുടെ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്നും സുരക്ഷാ അനുമതിയില്ലാതെ ഒരു വിമാനവും പറക്കാൻ അനുവദിക്കില്ലെന്നും ജനറൽ അരുൺ കുമാർ അറിയിച്ചു.