ഹൈദരാബാദ്: പണം പിൻവലിക്കാനാണ് നാം സാധാരണയായി എടിഎമ്മുകൾ ഉപയോഗിക്കുക. രാജ്യത്ത് ചിലയിടങ്ങളിൽ മരുന്നുകൾ ലഭിക്കുന്ന എടിഎമ്മുകൾ ആരംഭിച്ചതായും നാം കേട്ടിട്ടുണ്ട്. എന്നാൽ രാജ്യത്ത് ആദ്യമായി ഗോൾഡ് എടിഎം സ്ഥാപിക്കാനൊരുങ്ങുകയാണ് ഗോൾഡ്‌സിക്ക എന്ന കമ്പനി. ഹൈദരാബാദിലാണ് ഗോൾഡ് എടിഎം എന്ന സംരംഭത്തിന് കമ്പനി തുടക്കം കുറിക്കുക.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ആബിഡ്‌സ്, പാൻ ബസാർ, ഘാർസി ബസാർ എന്നീ മേഖലകളിൽ എടിഎം സ്ഥാപിക്കുമെന്ന് കമ്പനി സി.ഇ.ഒ സയ്‌ദർ തരാസ് പറഞ്ഞു. ഈ എടിഎമ്മുകൾ വഴി 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണ നാണയങ്ങൾ എടുക്കാൻ സാധിക്കും. 99.99 ശതമാനം പരിശുദ്ധിയുള്ള 0.5, 1, 2, 5, 10, 20, 50, 100 ഗ്രാം സ്വർണ നാണയങ്ങൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാം.
കൂടാതെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് കാർഡുകളും വിതരണം ചെയ്യും. സ്വർണത്തിന്‍റെ ഗുണനിലവാരം, ഗ്യാരന്‍റി രേഖകൾ തുടങ്ങിയവയും ഉപഭോക്‌താവിന് എടിഎമ്മിലൂടെ ലഭ്യമാകും. ഇതിന്‍റെ നിർമ്മാണത്തിനും സാങ്കേതിക വിദ്യയ്ക്കുമായി ട്രങ്ക്‌സ് ഡാറ്റവെയർ, കെഎൽ-ഹൈ-ടെക് തുടങ്ങിയ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
ALSO READ: ചൂടിൽ നിന്ന് മൃഗങ്ങൾക്ക് സംരക്ഷണം; നടപടികൾ സ്വീകരിച്ച് നന്ദൻകനൻ മൃഗശാല അധികൃതർ
രാജ്യത്തുടനീളം 3000 എടിഎമ്മുകൾ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോൾഡ്‌സിക്ക അറിയിച്ചു. നിലവിൽ ദുബായിൽ രണ്ടിടത്തും, യുകെയിൽ അഞ്ചിടത്തുമാണ് ഗോൾഡ് എടിഎമ്മുകൾ ലഭ്യമായിട്ടുള്ളത്.