ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജി വിലയില്‍ വീണ്ടും വര്‍ധനവ്. പ്രകൃതിവാതക വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍) സിഎന്‍ജിക്ക് ഡല്‍ഹിയില്‍ മൂന്ന് രൂപ വര്‍ധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് സിഎന്‍ജിയുടെ വില 75.61 രൂപയില്‍ നിന്ന് 78.61 രൂപയായി.
നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഒരു കിലോ സിഎന്‍ജിക്ക് 81.17 രൂപയാണ്. നേരത്തെ ഇവിടങ്ങളില്‍ 78.17 രൂപയായിരുന്നു. ഗുരുഗ്രാമില്‍ ഒരു കിലോ സിഎന്‍ജിക്ക് 86.94 രൂപയായി. മുസാഫര്‍നഗര്‍, കാന്‍പുര്‍, കര്‍ണാല്‍, രേവാരി എന്നിവയാണ് സിഎന്‍ജിയുടെ വില 85 രൂപ കടന്ന മറ്റ് പ്രദേശങ്ങള്‍.
മുംബൈയില്‍ വിതരണം നടത്തുന്ന മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍) മൂന്ന് ദിവസം മുന്‍പ് സിഎന്‍ജിയുടെ വില കിലോയ്ക്ക് ആറ് രൂപയായി ഉയർത്തിയിരുന്നു. ഇതോടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും സിഎന്‍ജിയുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. സിഎന്‍ജിക്ക് പുറമെ പിഎന്‍ജി വിലയിലും വര്‍ധനവുണ്ട്.
പിഎന്‍ജി വിലയിലും വര്‍ധനവ്: പിഎന്‍ജി സ്റ്റാന്‍ഡേഡ് ക്യുബിക്ക് മീറ്ററിന് 53.59 രൂപയാണ്. ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ പിഎന്‍ജിക്ക് 53.46 രൂപയായപ്പോള്‍ ഗുരുഗ്രാമില്‍ 51.79 രൂപയാണ്. ഒക്‌ടോബര്‍ എട്ട് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
അതേസമയം സിഎന്‍ജിയുടെ വില വര്‍ധനവ് കാബ് സര്‍വീസുകളുടെ നിരക്കിനെയും ബാധിക്കും. ഒല, ഊബർ പോലെയുള്ള കാബ് സര്‍വീസുകളുടെ നിരക്ക് വര്‍ധിക്കാനാണ് സാധ്യത. ഗതാഗത നിരക്കിലെ വര്‍ധനവ് പഴം, പച്ചക്കറി വിലയിലും വര്‍ധനവ് വരുത്തിയേക്കും.
അന്താരാഷ്‌ട്ര, ആഭ്യന്തര വിപണിയില്‍ ഇന്ധന വില കുത്തനെ ഉയരുന്നതിനിടെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ മുതല്‍ പാചകവാതക വിതരണ കമ്പനികള്‍ വില വർധിപ്പിച്ചിരുന്നു. ഈ വർഷം മെയ് മാസത്തില്‍ സിഎന്‍ജിക്ക് കിലോയ്ക്ക് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 20 മാസത്തിനിടെ സിഎന്‍ജിയുടെ വിലയില്‍ 74 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.