ഷിംല (ഹിമാചല്‍ പ്രദേശ്): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യപരിശോധന നടത്തി ഹിമാചല്‍പ്രദേശ് ബിജെപി സ്ഥാനാര്‍ഥി. ചമ്പ ജില്ലയിലെ ഭാര്‍മോര്‍ മണ്ഡലത്തില്‍ നിന്നുള്ള ഡോ.ജനക് രാജ് ആണ് പ്രചരണത്തിനിടെ നടുവേദനയെ തുടര്‍ന്ന് വൈദ്യസഹായം ചോദിച്ചെത്തിയ വയോധികയായ സ്‌ത്രീക്ക് ചികിത്സ നല്‍കിയത്. ആള്‍ക്കൂട്ടത്തിനിടയില്‍ വയോധികയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ച അദ്ദേഹം മരുന്നുകള്‍ക്ക് വേണ്ട കുറിപ്പടിയും എഴുതി നല്‍കി.
മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവത്തില്‍ രോഗിയുടെ ഞരമ്പുകളുടെ അവസ്ഥ പരിശോധിക്കാന്‍ മൊബൈല്‍ ഫോണാണ് ബിജെപി സ്ഥാനാര്‍ഥി ഉപയോഗിച്ചത്. കൂടാതെ രോഗിക്ക് എംആര്‍ഐ ഉള്‍പ്പടെ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. ഡോ.ജനക് രാജില്‍ നിന്ന് കൂടുതല്‍ മാര്‍ഗനിര്‍ദേശം സ്വീകരിച്ച വയോധികയുടെ ബന്ധുക്കള്‍ കൂടുതല്‍ ചികിത്സകള്‍ക്കായി അവരെ നിലവില്‍ കാൻഗ്ര ജില്ലയിലെ ഡോ.രാജേന്ദ്ര പ്രസാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2022ലെ ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് അലോപ്പതി ഡോക്‌ടര്‍മാരും രണ്ട് ആയുര്‍വേദ ഡോക്‌ടര്‍മാരുമാണ് മത്സരരംഗത്തുള്ളത്. ഭാര്‍മോര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഡോ.ജനക് രാജ് പ്രശസ്‌ത ന്യൂറോ സര്‍ജന്‍ കൂടിയാണ്.