ന്യൂഡൽഹി: കാണാതായ എഎൻ-32 ഇന്ത്യൻ വ്യോമസേന വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങൾ അരുണാചൽപ്രദേശിൽ കണ്ടെത്തി. ജൂൺ മൂന്നിനാണ് വിമാനം കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിമാനത്തിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 13 യാത്രക്കാരുണ്ടായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കൊല്ലം സ്വദേശി അരുൺ കുമാർ, കണ്ണൂർ സ്വദേശി ഷെറിൻ, പാലക്കാട് സ്വദേശി വിനോദ് എന്നിവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.
അസമിലെ ജോർഹത് വ്യോമതാവളത്തിൽ നിന്ന് അരുണാചലിലെ ഷി യോമി ജില്ലയിലുൾപ്പെട്ട മേചുകയിലേക്ക് ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.27ന് പുറപ്പെട്ട വിമാനം ഒരു മണിയോടെ കാണാതാവുകയായിരുന്നു.
വിമാനത്തിന്‍റെ ബാക്കിയുള്ള അവശിഷ്ടങ്ങൾക്കായി കരസേനയും ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്. ദുർഘട വനമേഖലയും പ്രതികൂല കാലാവസ്ഥയും തിരച്ചലിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിനായി നാല് മി-17 ഹെലികോപ്റ്ററുകൾ, മൂന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രണ്ട് സുഖോയ്- 30 വിമാനം, ഒരു സി-130 ട്രാൻസ്പോർട്ടർ വിമാനം എന്നിവ സൈന്യത്തിന് നൽകിയിട്ടുണ്ടായിരുന്നു.