ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ഇവ തമ്മിൽ ബന്ധമില്ലെന്ന മോദിയുടേയും അമിത് ഷായുടേയും പ്രചാരണം പച്ചകള്ളമാണെന്നും മുൻ ധനമന്ത്രി ആരോപിച്ചു.
യുപിഎ സർക്കാർ എൻപിആർ നടപ്പാക്കിയെന്നും അവർ പറയുന്നു. യുപിഎ സർക്കാർ നടത്തിയ ജനസംഖ്യാ രജിസ്റ്ററും നരേന്ദ്ര മോദി സർക്കാറിന്‍റെ ജനസംഖ്യാ രജിസ്റ്ററും തമ്മിൽ അന്തരമുണ്ട്. പുതിയ എൻപിആറിൽ ആറ് അധിക ചോദ്യങ്ങൾ ഇപ്പോൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ താമസ രേഖകളും ഡ്രൈവിംഗ് ലൈസൻസും തിരിച്ചറിയൽ കാർഡും ചോദിക്കുകയാണ്. ഇതെല്ലാം എണ്ണം എടുക്കുന്നതിന് എന്തിനാണ് ചോദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനസംഖ്യാ സെൻസസിന് ശേഷം യുപിഎ സർക്കാർ എൻപിആർ നിർത്തി വച്ചിരുന്നു. 2011 ലെ സെൻസസിന് എൻപിആർ സഹായമായിരുന്നു. അന്ന് പൗരത്വ രജിസ്റ്റർ നടപ്പാക്കിയത് തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ രജിസ്റ്ററിൽ നിന്ന് സർക്കാർ പിൻമാറുന്നത് വരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് ചിദംബരം പറഞ്ഞു. എൻപിആറിന് ശേഷം അസമിൽ 19 ലക്ഷം ജനങ്ങളാണ് അഭയാർഥികളായത്. അസം പോലെ രാജ്യാമാകെ അഭയാർഥികൾ സൃഷ്ടിക്കുന്നതാണ് എൻആർസിയെന്നും പി.ചിദംബരം അഭിപ്രായപ്പെട്ടു.