പനാജി: ഗോവയിലെ മഹാദായി വന്യജീവി സങ്കേതത്തിൽ നിന്നും പെൺകടുവയുടെയും കുട്ടിയുടെയും ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ നിന്നും മറ്റ് രണ്ട് കടുവ കുഞ്ഞുങ്ങളുടെ ജഡങ്ങൾ കണ്ടെത്തിയിരുന്നു. സത്താരി മേഖലയിലെ താനെ- ഡോങ്കുർലി പ്രദേശത്തെ ഗോലേവാലിയിലുള്ള വനങ്ങളിലാണ് കടുവകളുടെ ജഡങ്ങൾ കണ്ടെത്തിയത്. അതേസമയം ഡിസംബർ 23 ന് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യമറകളിൽ കടുവയുടെയും കുട്ടികളുടെ ദ്യശ്യങ്ങൾ കണ്ടെത്തിയിരുന്നു .
സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. കടുവകൾ ഗ്രാമത്തിലെ കന്നുകാലികളെ കൂട്ടമായി ആക്രമിച്ച് കൊല്ലുന്നതിനാല്‍ നാട്ടുകാര്‍ കടുവകളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം . സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിന് പോസ്റ്റ്‌മോർട്ടം നടത്താൻ ശരിയായ അടിസ്ഥാന സൗകര്യങ്ങൾ വനംവകുപ്പിന് ഇല്ലെന്ന് ഉന്നയിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. അതേസമയം സംഭവത്തിൽ കേന്ദ്ര സംഘം അന്വേഷിക്കണം നടത്തണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു.