ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ചതിനെതിരെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. കൊവിഡ് 19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26ലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ശിവ് രാജ് സിംഗ് ചൗഹാൻ അടക്കമുള്ള ബിജെപി എംഎൽഎമാർ സുപ്രിംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാൻ മനപൂര്‍വം ശ്രമം നടത്തുന്നതായി ബിജെപി എംഎൽഎമാർ ആരോപിച്ചിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ബിജെപി എംഎൽഎമാർ ഗവർണർ ലാൽജി ടണ്ഡനെ നേരിൽ കണ്ട് ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ന് തന്നെ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.