2019 ഒക്ടോബർ 31 ന്, സെൻസെക്‌സ് 40,392 എത്തിയതിന്‍റെ ചരിത്രനേട്ടം ആഘോഷിച്ച ഇന്ത്യയിലെ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോയ സമ്പദ്‌വ്യവസ്ഥയുടെ മറുവശം ഉണ്ടായിരുന്നു. ഓഹരി വിപണിയുടെ റെക്കോർഡ് നേട്ടത്തിന് പുറകേ പോയ മാധ്യമങ്ങൾ ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പുകളിലൊന്നായ ജെഎം ഫിനാൻഷ്യൽ 2019 ഒക്ടോബർ 30 ന് പുറത്തിറക്കിയ റിപ്പോർട്ട് ശ്രദ്ധിച്ചില്ല. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ നടത്തിയ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നത് കാർഷിക വരുമാന വളർച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ഇത് വരും കാലങ്ങളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതിനെ സമ്മർദ്ദത്തിലാക്കുമെന്നും കണ്ടെത്തി. ഈ റിപ്പോർട്ട് പുറത്തിറങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, രാജ്യത്തെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വിപണി സെപ്റ്റംബർ പാദത്തിൽ മന്ദഗതിയിലായതായി കണ്ടെത്തി, ഗ്രാമീണ ഇന്ത്യയിലെ വളർച്ച ഒരു വർഷം മുമ്പ് 16 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് എഫ്എംസിജിയുടെ ഗ്രാമീണ വളർച്ച നഗരവളർച്ചയെക്കാൾ കുറയുന്നത്.
ഈ രണ്ട് വാർത്തകളും രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്‌ഥയെ കുറിച്ച് നയപരമായ ഉൾക്കാഴ്ച നൽകുന്നതാണ്. ഗ്രാമീണ വരുമാനം കുറയുന്നതും ഗ്രാമീണ മേഖലയിലെ ചോദനത്തിൽ(ഡിമാൻഡിൽ) ഉണ്ടാകുന്ന ഇടിവും, ഗ്രാമീണ വരുമാനവും ഗ്രാമീണ വളർച്ചയുമായി നേരിട്ട് ബന്ധമുണ്ട്. രാജ്യം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നും ഇതുപോലുള്ള സാഹചര്യങ്ങളിൽ ഗ്രാമീണ ഇന്ത്യയാണ് പുനരുജ്ജീവനത്തിന് സഹായിച്ചതെന്നതും വളരെ പ്രസക്തമാണ്. ഗ്രാമീണ മേഖലയിൽ നിന്നുള്ള ചോദനം രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഗ്രാമീണ വളർച്ചയുടെ ചലനാത്മകത മനസിലാക്കി ഗ്രാമീണ വളർച്ച കുറയാനുള്ള കാരണങ്ങൾ കണ്ടെത്തി മുന്നോട്ടുള്ള വഴി രൂപീകരിക്കേണ്ടത്.
ഗ്രാമീണ വളർച്ച കുറയാനുള്ള കാരണങ്ങൾ
ഇന്ത്യയിലെ ഗ്രാമീണ വളർച്ച കുറയുന്നതിന് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഗ്രാമീണ വേതന വളർച്ചയിലുണ്ടാകുന്ന കുറവ്. ഇതിനുപുറമെ, കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമീണ വരുമാനത്തിൽ നേരിടുന്ന സ്തംഭനാവസ്ഥ, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ, കൃത്യമായി മഴ ലഭിക്കാത്തത് തുടങ്ങിയവ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇത് ഗ്രാമീണ വരുമാനം കുറയാൻ കാരണമായി. വരുമാനത്തിലുണ്ടായ ഇടിവ് ക്രമേണ ഉപഭോഗം കുറയാനും ചോദനം കുറയാനും കാരണമായി.
വിതരണ വശം പരിശോധിച്ചാൽ ഗ്രാമീണ മേഖലയിലെ വ്യാപാരികളും കൃഷിക്കാരും ലിക്വിഡിറ്റി പ്രതിസന്ധി നേരിടുന്നു. റിസർവ് ബാങ്ക് പോളിസി നിരക്കുകൾ വേണ്ടത്ര കുറച്ചെങ്കിലും കുറഞ്ഞ വായ്പാ നിരക്കിന്‍റെ ആനുകൂല്യം ബാങ്കുകൾ പൊതുജനങ്ങൾക്ക് കൈമാറുന്നില്ല. അതുവഴി വളർച്ചാ സാധ്യതകൾ കുറയുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ച 8.8 ശതമാനമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എൻബിഎഫ്‌സി) പോലും ഗ്രാമീണ മേഖലയ്ക്കും അനൗപചാരിക മേഖലക്കും വായ്പ നൽകുന്നതിൽ ജാഗ്രത പുലർത്തുന്നു. ഈ സംഭവവികാസങ്ങൾ കർഷകരുടെയും സ്ഥാപനങ്ങളുടെയും വ്യാപാരികളുടെയും കയ്യിലെ പണമൊഴുക്കിനെ സാരമായി ബാധിച്ചു. പൊതുവേ, നഗര പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമീണ മേഖലകളെ ഇത് കൂടുതൽ ബാധിക്കുന്നു. നഗര വിപണികൾക്ക് ഒന്നിലധികം സ്രോതസുകളിൽ നിന്ന് പണ ലഭ്യത സാധ്യമാകുമ്പോൾ ഗ്രാമീണ വിപണികൾക്ക് അവരുടെ വിപണന സാധ്യതകൾ വിപുലീകരിക്കുന്നതിനുള്ള പണ ലഭ്യത നിയന്ത്രിക്കപ്പെടുന്നു. ഇത് ചോദനം കുറയുന്നതിനുപുറമെ ഗ്രാമീണ വിപണികളേയും സമ്മർദ്ദത്തിലാക്കുന്നു. തൽഫലമായി, കഴിഞ്ഞ ഏഴു വർഷത്തിനിടെ ആദ്യമായി നഗര വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമീണ വിപണികളുടെ വളർച്ചയും രാജ്യത്ത് കുറയുന്നതായി കാണാം.
ഗ്രാമീണ വളർച്ചയുടെ പുനരുജ്ജീവന സാധ്യതകൾ
ഗ്രാമീണ വളർച്ചയെ പറ്റി ചർച്ച ചെയ്യുമ്പോൾ, കാർഷിക മേഖലയുമായി ബന്ധപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ല. രാജ്യത്തെ ജനസംഖ്യയുടെ 61 ശതമാനം ഗ്രാമീണരും രാജ്യത്തെ തൊഴിലാളികളിൽ 50 ശതമാനവും കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഇതിന് കാരണം. അങ്ങനെ ഗ്രാമീണ വളർച്ചയുടെ പ്രശ്നത്തിന് പരിഹാരം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിലൂടെ മാത്രമേ സാധ്യമാകൂ. ഗ്രാമീണ വളർച്ചയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ചോദന-പ്രദാന(സപ്ലേ) വശങ്ങളുയർത്തുന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ ശ്രദ്ധ നൽകേണ്ടതുമുണ്ട്. കുറഞ്ഞ പലിശനിരക്കിന്റെ ആനുകൂല്യങ്ങൾ വാണിജ്യ, കാർഷിക ആവശ്യങ്ങൾക്കായി ഗ്രാമീണ ഇന്ത്യയിലേക്ക് കൈമാറാൻ ബാങ്കുകളെ ബോധ്യപ്പെടുത്തിക്കൊണ്ട് ഗ്രാമീണ മേഖലയിലെ ലിക്വിഡിറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഇത് വിതരണ ശൃംഖലകളെ പുനരുജ്ജീവിപ്പിക്കാനും ഫണ്ടുകളുടെ അപര്യാപ്തത കാരണം വികലമായ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
ഈ സാഹചര്യത്തിൽ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും ആശ്രയിക്കുന്ന ഇന്ത്യയുടെ കാർഷിക മേഖലയെ ബാധിക്കുന്ന ഘടനാപരവും സ്ഥാപനപരവുമായ വെല്ലുവിളികളെ നേരിടാൻ കേന്ദ്രത്തിലെയും സംസ്ഥാന തലത്തിലെയും സർക്കാരുകൾ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് കാർഷിക ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും, കാർഷിക സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, സബ്‌സിഡി നൽകുന്നതിനും ഫണ്ട് അനുവദിക്കേണ്ടത്. മറുവശത്ത്, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ,ഭക്ഷ്യ സംസ്കരണ വ്യവസായം എന്നിവയിലെ നിക്ഷേപത്തിലൂടെ ഗ്രാമീണ വരുമാനം സുസ്ഥിര അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താനും ഈ മേഖലകളിലെ യുവാക്കൾക്ക് വലിയ തൊഴിൽ നൽകാനും കഴിയും. മറുവശത്ത്, ഇന്ത്യയുടെ ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കേണ്ടതുണ്ട്, ഗ്രാമീണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിഭാഗത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ നൽകേണ്ടതുണ്ട്.
ഈ ശ്രമങ്ങൾക്ക് പുറമേ, കാർഷിക വിപണികളെ പരിഷ്കരിക്കുകയും വിലയിലെ കൃതൃമത്വം തടയുകയും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ശ്രമങ്ങളെല്ലാം സമയബന്ധിത നടത്തേണ്ടതുണ്ട്. ഈ സമയത്ത് പരിഗണിക്കേണ്ട മറ്റൊരു കാര്യം, കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിലൂടെ മാത്രം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നതാണ്. കാർഷിക ചെലവ് ദ്രുതഗതിയിൽ വർദ്ധിക്കുമ്പോഴും കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ വർധനയുണ്ടാകുന്നില്ല. ഉത്പാദനക്ഷമത കൂട്ടാൻ നിക്ഷേപം നടത്തുകയും കാർഷിക ചെലവ് കുറക്കുകയും ചെയ്യുന്നതിലൂടെ കർഷകരുടെ വാങ്ങൽ ശേഷി വർധിപ്പിക്കാം. ഇത് ഉപഭോഗവും ഗ്രാമീണ ആവശ്യവും വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അങ്ങനെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ താക്കോലായി വർത്തിക്കും. മുന്നിൽ നിന്ന് നയിക്കുന്ന ശക്തമായ ഒരു രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് ഈ ഒരു ഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും ആവശ്യം.