പനാജി: ഗോവയില്‍ ടൂറിസം പുനരാരംഭിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. വ്യാഴാഴ്‌ചയാണ് ഗോവയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ആഭ്യന്തര സഞ്ചാരികള്‍ക്കായി 250 ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.ടൂറിസമാണ് സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ വ്യവസായമെന്നും ഇത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. ഈ അണ്‍ലോക് ഘട്ടത്തില്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി സമ്പദ്‌വ്യവസ്ഥയെ വീണ്ടും ഉണര്‍ത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ഗോവ ടൂറിസം വകുപ്പിന്‍റെ തീരുമാനപ്രകാരം നേരത്തെ ബുക്ക് ചെയ്‌ത ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളു. സഞ്ചാരികള്‍ ഒന്നുകില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം അല്ലെങ്കില്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തണമെന്ന് ടൂറിസം വകുപ്പ് നിര്‍ദേശിക്കുന്നു. കൊവിഡ് പോസിറ്റീവായ ആളുകള്‍ക്ക് തിരികെ അതത് സംസ്ഥാനങ്ങളിലേക്ക് പോവാനും ഗോവയില്‍ ചികില്‍സ തേടാനും അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.