ചണ്ഡീഗഡ്: ഗുരുനാനാക്കിന്‍റെ 550ാം ജന്മദിനം പ്രമാണിച്ച് 550 സിഖ് തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് കേന്ദ്രതീരുമാനം പ്രഖ്യാപിച്ചത്.
പഞ്ചാബ് സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള സമയത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും അമരീന്ദര്‍ സിങ് നന്ദി അറിയിച്ചു.
രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന സിഖ് തടവുകാരെയാണ് വിട്ടയക്കുന്നത്. ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയവരും നല്ലനടപ്പിന് വിധേയരായവരെയുമാണ് മോചിപ്പിക്കുന്നത്. പ്രായമായ തടവുകാരെ മോചിപ്പിക്കുന്നതില്‍ സമൂഹത്തിന് പ്രശ്നമുണ്ടാകില്ലെന്നും അമരീന്ദര്‍ പറഞ്ഞു. സെപ്റ്റംബര്‍ 14നാണ് ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്. മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്നായിരുന്നു ആവശ്യം.