ഹൈദരാബാദ്: ലഡാക്ക് സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാകരുതെന്നും അവരുടെ ജീവിതത്തിന് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഗാൽവാൻ വാലിയിലെയും പാങ്കോംഗ് സോ തടാക പ്രദേശങ്ങളിലെയും ചൈനീസ് അധിനിവേശ ഇന്ത്യൻ പ്രദേശം വീണ്ടെടുക്കുക എന്നുള്ളതാണെന്നും അസദുദീന്‍ ഒവൈസി പറഞ്ഞു. ചൈനീസ് കടന്നുകയറ്റത്തിന്റെ വ്യാപ്തി, ഇന്ത്യ തീരുമാനമെടുക്കുന്നതിലെ വീഴ്ച, ചൈനീസ് അധിനിവേശത്തില്‍ ഇന്ത്യൻ പ്രദേശം നഷ്ടപ്പെട്ടത് തുടങ്ങിയ വസ്തുതകൾ സർക്കാർ രാജ്യവുമായി പങ്കിടണമെന്നും എഐഎംഐഎം പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അസദുദീന്‍ ഒവൈസി ആവശ്യപ്പെട്ടു.
അവലോകന സമിതിയിൽ ചർച്ചക്ക് ശേഷമുള്ള തീരുമാനം സർക്കാർ പ്രസിദ്ധീകരിക്കുകയും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണമെന്ന് ഒവൈസി പറഞ്ഞു. 2014 മെയ് മുതൽ ചൈനീസ് അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യൻ പ്രദേശം എത്രയാണ്, എത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു, ചൈനയുമായി എത്ര തവണ ചർച്ചകൾ നടന്നു, ചർച്ചക്ക് ശേഷമുള്ള കാര്യങ്ങൾ, 20 ഇന്ത്യൻ ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിന് ഉത്തരവാദികൾ ആര്, കമാൻഡിങ് ഓഫീസർ കൊല്ലപ്പെടുമ്പോൾ ഇന്ത്യൻ സൈനികർ വെടിവയ്ക്കാഞ്ഞതെന്ത്, ചൈനീസ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ എന്തായിരുന്നു ഇത്തരം കാര്യങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
എത്രയും വേഗം പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നും പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാർ ബാധ്യസ്ഥനാണെന്നും ഒവൈസി പറഞ്ഞു. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ എഐഎംഐഎം മേധാവി നിരാശ പ്രകടിപ്പിച്ചു. ദേശീയ സമവായവും ഏകീകൃത പ്രതികരണവും അനിവാര്യമായ സമയത്ത് പാര്‍ട്ടിയെ ക്ഷണിക്കാത്തത് നിർഭാഗ്യകരമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഒരു എംപിയെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. എഐഎംഐഎം ഒരു ചെറിയ രാഷ്ട്രീയ പാർട്ടിയാണെങ്കിലും ചൈനീസ് അധിനിവേശം ഉന്നയിച്ച ആദ്യത്തെ കുറച്ച് എംപിമാരിൽ ഒരാളാണ് താൻ എന്നും ഒവൈസി പറഞ്ഞു.