ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിന് സംസ്ഥാന അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. സംസ്ഥാന സർക്കാരുകൾ, വിവിധ മന്ത്രാലയങ്ങൾ, കേന്ദ്ര സർക്കാർ എന്നിവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കോ-ഓർഡിനേറ്റർമാരെ തെരെഞ്ഞെടുത്തത്. വിദേശകാര്യ മന്ത്രാലയത്തിലെ 17 അംഗ സംഘത്തെയാണ് മന്ത്രാലയം നിയമിച്ചത്. 13 വിദേശ രാജ്യങ്ങളിൽ നിന്നായി 14,000ത്തോളം ആളുകളെയാണ് കേന്ദ്ര സർക്കാർ തിരികെയെത്തിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 13 വിദേശ രാജ്യങ്ങളിൽ നിന്നായി 2300 പേരെയാണ് തിരികെ കൊണ്ടുവരുന്നത്. യാത്രക്ക് മുൻപ് വൈദ്യ പരിശോധനക്ക് വിധേയമാക്കി, രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പായാൽ മാത്രമേ ഇവരെ തിരികെയെത്തിക്കുകയുള്ളു. തിരികെ വരുന്നവർ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും 14 ദിവസത്തെ കർശന ക്വാറന്‍റൈനിൽ തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.