കേന്ദ്രത്തിനെതിരായി കൊൽക്കത്ത മെട്രോ ചാനലിൽ മമത ബാനർജി നടത്തിവന്ന ധർണ്ണ അവസാനിപ്പിച്ചു. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായി മമത സമരം തുടങ്ങിയത്. കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.
രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് മമത ആരോപിച്ചു. ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ദില്ലിയിൽ ഉയർത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് കഴിഞ്ഞ ദിവസം സമരപ്പന്തലിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ വച്ചായിരുന്നു.