ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണ പദ്ധതിയിട്ടിട്ടുണ്ടെന്ന ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
പാകിസ്ഥാന്‍റെ ആരോപണം അപഹാസ്യവും ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് പാകിസ്ഥാന്‍റെ ആരോപണം. പ്രസ്താവനയുടെ മറവിൽ പാക് ഭീകരസംഘടനകൾക്ക് ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള തന്ത്രമാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാകിസ്ഥാനെതിരെ ഏപ്രിൽ 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ആരോപിച്ചിരുന്നു.
ഇത്തരം ആരോപണങ്ങളുന്നയിച്ച് ഇന്ത്യയിൽ അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ഭീകര ആക്രമണത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്നും ഊരി പോകാൻ ശ്രമിക്കരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്താനുള്ള ഒരു ശ്രമവും വിജയിക്കില്ല. സ്വന്തം മണ്ണിൽ വളർന്നു വരുന്ന ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.