ഭീകരവാദത്തിനെതിരെ പോരാടുമെന്ന പ്രഖ്യാപനവുമായി പൈലറ്റ് അസോസിയേഷൻ ഐസിപിഎ. അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പോരാടുമ്പോൾ ഇന്ത്യക്കൊപ്പം ഭീകരരവാദ പ്രവർത്തനങ്ങൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പൈലറ്റ് അസോസിയേഷൻ.
ഇന്ത്യൻ സേനയുടെ പിന്തുണയോടെ രണ്ടാമത്തെ പ്രതിരോധ സേനയായി സ്വയം പരിഗണിക്കപ്പെടുമെന്ന് കരുതുന്നുവെന്നും ഐസിപിഎ പറഞ്ഞു. ട്രേഡ് യൂണിയൻ ബോഡി എന്ന നിലയിൽ രാജ്യത്തിന്‍റെ താൽപര്യങ്ങൾക്കൊപ്പം ഭീകരവാദത്തിനെതിരെ പോരാടുമെന്നും ഐസിപിഎ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബാൽകോട്ടിൽ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ക്യാമ്പിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്‍റെ മൂന്ന് കണ്‍ട്രോള്‍ റൂമുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ആയിരം കിലോഗ്രാമിലേറെ ബോംബുകളാണ് പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം വര്‍ഷിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 'മിറാഷ് 2000' യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു.
എന്നാൽ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിൽ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ നിന്നും പൈലറ്റ് അഭിനന്ദൻ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലായിരുന്നു. തുടർന്ന് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിക്കുകയായിരുന്നു.
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്.