ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് ട്രംപും മോദിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ഹൈദരാബാദ് ഹൗസിലായിരുന്നു ട്രംപ് - മോദി കൂടിക്കാഴ്ച.
ഭീകരതയെ നേരിടാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും ആഭ്യന്തര സുരക്ഷയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിര്‍ണായകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ട്രംപ് പറഞ്ഞു.
300 കോടി ഡോളറിന്‍റെ (22,000 കോടി രൂപ) പ്രതിരോധ കരാറിലും ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചു. 24 എംഎച്ച് - 60 റോമിയോ ഹെലികോപ്റ്റർ വാങ്ങുന്നതിനും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്റർ വാങ്ങുന്നതിനും ധാരണയായി. അമേരിക്കയില്‍ നിന്ന് ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു.
മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കൽ, പ്രകൃതിവാതക നീക്കത്തിന് ഐഓസി-എക്സോൺമൊബിൽ സഹകരണം എന്നിവയിലാണ് ഇന്ന് ഇരു രാഷ്ട്ര തലവന്മാരും ഒപ്പുവെച്ചത്. വിപുലമായ വ്യാപാര കരാറിന്‍റെ കാര്യത്തിലും ധാരണയായതായി ഇരു നേതാക്കളും അറിയിച്ചു. കരാറിന് ഉടൻ രൂപം നൽകുമെന്നും ഇരുവരും അറിയിച്ചു.