ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനയുടെ ഫലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരിശോധന ഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കണം.
ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പീഡനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് രക്തസാമ്പിള്‍ നല്‍കാതിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും കാണിച്ചാണ് ബിഹാര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത്. ബിനോയ് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചുവെന്നും പരാതിയില്‍ പറയുന്നു.