ന്യൂഡൽഹി: ഇന്ത്യക്ക് പുറത്ത് 53 രാജ്യങ്ങളിലായി 3,336 ഇന്ത്യക്കാരാണ് കൊവിഡ് ബാധിതരായുള്ളതെന്ന് കേന്ദ്രസർക്കാർ. ഇതിൽ 25 പേർ വൈറസ് ബാധയിൽ മരിച്ചു. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിന് എടുത്ത നയത്തിന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിക്കാത്തതിനാൽ പുറത്തുളളവർ സംയമനം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
എന്നാൽ, 55 വിദേശ രാജ്യങ്ങളിലേക്ക് മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ വാണിജ്യ അടിസ്ഥാനത്തിലും സഹായമായും നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നും ചൈനയിൽ നിന്നും കൊവിഡ് പരിശോധനക്കായുള്ള കിറ്റുകൾ വാങ്ങുന്നുണ്ടെന്നും ഇനിയും കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ജർമ്മനി, അമേരിക്ക, യുകെ, മലേഷ്യ, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് രാജ്യത്തെത്തിക്കുവാനായി ആലോചിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.