ചണ്ഡീഘഢ്: അവശ്യസേവനം എന്ന വ്യാജേന വാനില്‍ കടത്താന്‍ ശ്രമിച്ച നിരോധിത മയക്ക് മരുന്നായ പോപ്പി ഹസ്ക് പിടികൂടി. വ്യാഴാഴ്ചയാണ് 14 കിലോ മയക്ക് മരുന്ന് പഞ്ചാബ് പൊലീസ് പിടികൂടിയത്. മൊഹാലിയിലെ കാരാര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഫത്തേഹാര്‍ ഷിഹാബ് സ്വദേശിയായ ഹര്‍വീന്ദര്‍ സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാവസായികമായി കൃഷി ചെയ്ത തക്കാളി വില്‍ക്കാന്‍ കൊണ്ടു പോകുന്നതിന്‍റെ മറവില്‍ മയക്കുമരുന്ന് കടത്തുകയായിരുന്നു.
കേദി നൗദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ വാഹനത്തില്‍ പതിപ്പിച്ച സര്‍ക്കാര്‍ പാസില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. പാസുള്ള വാഹനങ്ങള്‍ പൊലീസ് ചെക്ക് ചെയ്യാറില്ല. എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് തക്കാളിക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ മയക്ക് മരുന്ന് കണ്ടെത്തിയത്. ശ്രീ ശിവ്ശക്തി ബേക്കറിയുടെ പേരിലാണ് ഇവര്‍ പാസ് എടുത്തിരിക്കുന്നത്.