ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഭിക്ഷയെടുക്കുന്നവരും തൊഴിലാളികളുമാണ് ഇരകളായവരിൽ ഭൂരിഭാഗവും. ഖരകുവ, ജീവാജിഗഞ്ച്, മഹാകൽ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. മെത്തനോൾ അടങ്ങിയ, വ്യാവസായിക രാസവസ്‌തു ഉപയോഗിച്ച് നിർമ്മിച്ച മദ്യം കുടിച്ചാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ദിവസം വിഷമദ്യം കഴിച്ചവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരില്‍ ഏഴ് പേര്‍ മരിച്ചിരുന്നു.
ഇതിനിടെ ഇൻഡോറിൽ നിന്ന് ബസ് മാര്‍ഗം ആഗ്രയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതി യൂനിസിനെ അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ ഖരകുവ സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിലെ വസതിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസിഎസ് രാജേഷ് രാജോറയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. വിഷമദ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) കേസെടുക്കുമെന്നും ഉജ്ജൈൻ കലക്ടര്‍ ആശിഷ് സിംഗ് പറഞ്ഞു.