അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം : വിരമിച്ച ജീവനക്കാർ
Published : Feb 8, 2024, 3:23 PM IST
ഇടുക്കി: പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ (Assured Pension) സമ്പ്രദായം നടപ്പാക്കുമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിൻ്റെ (K N Balagopal) പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ നീക്കുപോക്ക് ഉണ്ടായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതിയെ ഗവൺമെന്‍റ് രൂപീകരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി, ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അഷ്വേര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നതിന് പുതിയ പെന്‍ഷൻ സ്‌കീം രൂപീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സമാനമായ പദ്ധതികള്‍ കൂടി പഠിച്ച് കേരളത്തില്‍ ഇത് നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ പുതിയ നീക്കം സ്വാഗതാർഹമാണെന്നാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ല നേതൃത്വം വ്യക്തമാക്കുന്നത്. വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകാൻ പോകുന്നതെന്നാണ് പെൻഷനേഴ്‌സ് യൂണിയനും പറയുന്നത്.