കട്ടപ്പന മുനിസിപ്പാലിറ്റി അധികൃതർ അറിയുന്നുണ്ടോ...താലൂക്ക് ആശുപത്രി രോഗികളുടെ ദുരിതം... - കട്ടപ്പന താലൂക്ക് ആശുപത്രി
Published : Jan 26, 2024, 3:47 PM IST
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ വെള്ളം കെട്ടി കിടക്കുന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്‌ക്കുന്നു. ശുചിമുറിയില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്ന പൈപ്പ് തകരാറിലായതോടെയാണ് വെള്ളം കെട്ടി കിടക്കാന്‍ തുടങ്ങിയത് (Lack Of Basic Facilities In Kattappana Taluk Hospital). രണ്ട് ദിവസം മുമ്പാണ് പുരുഷന്മാരുടെ വാര്‍ഡിലെ പൈപ്പ് തകരാറിലായത്. സംഭവം രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വെള്ളം കെട്ടി കിടക്കുന്നത് കൊണ്ട് രോഗികള്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശസ്‌ത്രക്രിയ അടക്കം കഴിഞ്ഞ് തുടര്‍ ചികിത്സയിലുള്ള രോഗികളാണ് വാര്‍ഡിലുള്ളത്. ശുചിമുറി ഉപയോഗിക്കാനാകാത്തതില്‍ വലിയ പ്രതിസന്ധിയാണ് ഇത്തരം രോഗികള്‍ നേരിടുന്നത്. മാത്രമല്ല ആശുപത്രിയില്‍ കൊതുക് ശല്യം രൂക്ഷമാണെന്നും രോഗികള്‍ പറയുന്നു (Govt Hospital Kattappana Idukki). വാര്‍ഡിന്‍റെ ജനലില്‍ അടക്കം കൊതുക് വലയുണ്ടെങ്കില്‍ അത് പലതും തകര്‍ന്ന നിലയിലാണ്. രാത്രിയില്‍ കൊതുക് ശല്യം രൂക്ഷമാകുന്നതോടെ ഉറങ്ങാനും കഴിയാത്ത അവസ്ഥയിലാണ് രോഗികള്‍. കട്ടപ്പന മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമല്ലെന്നും പരാതി ഉയരുന്നുണ്ട്.