100 കോടിയുടെ പദ്ധതി ; വരുന്നു ഇടുക്കിയില്‍ മിനി ഫുഡ് പാര്‍ക്ക്
Published : Mar 10, 2024, 3:33 PM IST
ഇടുക്കി : മിനി ഫുഡ് പാര്‍ക്ക് പദ്ധതിക്ക് തുടക്കമായി. 2022-23 ബജറ്റിലാണ് കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധനയ്ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 10 മിനി ഫുഡ് പാര്‍ക്കുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഇടുക്കിക്ക് അനുവദിച്ച ഫുഡ് പാര്‍ക്കിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. സംസ്ഥാന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മിനി ഫുഡ് പാര്‍ക്കുകൾ വരുന്നത് വഴി ചെറുകിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാര്‍ക്കിന് 10 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി കിന്‍ഫ്ര വികസിപ്പിച്ചെടുത്ത് ചെറു യൂണിറ്റുകള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കും. ഓരോ പ്ലോട്ടിലേക്കും നേരിട്ട് പ്രവേശനം നല്‍കുന്ന തരത്തില്‍ റോഡുകള്‍, ജലം, വൈദ്യുതി, ഡ്രെയിനേജ് സൗകര്യം എന്നിവ നല്‍കും. കൂടാതെ, ജലശുദ്ധീകരണ പ്ലാന്‍റ്, സംഭരണശാല തുടങ്ങിയ പൊതുസൗകര്യങ്ങളും ഉണ്ടായിരിക്കും. നടത്തിപ്പിനും അഡ്‌മിനിസ്‌ട്രേറ്റീവ് ബാക്കപ്പിനും പാര്‍ക്ക് ഓഫീസുമുണ്ടാകും. പദ്ധതി, കേരളത്തിലെ വ്യവസായ മേഖലയുടെ നട്ടെല്ലായി മാറുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സര്‍വേ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി ഭൂമി വികസിപ്പിക്കുന്നതിന് ഉടന്‍ കിന്‍ഫ്രയ്ക്ക് കൈമാറും. പ്രദേശത്ത് ഇറിഗേഷന്‍ മ്യൂസിയം, സാംസ്‌കാരിക മ്യൂസിയം, തിയേറ്റര്‍ കോംപ്ലക്‌സ് എന്നിവയും സ്ഥാപിക്കുമെന്നും ഇതിന്‍റെ ആദ്യഘട്ടമായി മിനി ഫുഡ് പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.