കേരളം

kerala

ETV Bharat / travel-and-food

ഞൊടിയിടയിൽ തയ്യാറാക്കാം നല്ല മൊഞ്ചുള്ള കൊഞ്ച് തീയൽ; റെസിപ്പി ഇതാ...

നാവിൽ കൊതിയൂറും കൊഞ്ച് തീയൽ റെസിപ്പി.

PRAWN CURRY  കൊഞ്ച് തീയൽ റെസിപ്പി  ചെമ്മീൻ തീയൽ  PRAWN CURRY RECIPE
Tasty Prawn Curry Recipe (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 10:58 PM IST

കൊഞ്ച് തീയൽ ഇഷ്‌ടമില്ലാത്ത ആളുകൾ ഉണ്ടാകില്ല. മലയാളികളുടെ ഇഷ്‌ട വിഭവങ്ങളിൽ ഒന്നാണിത്. നല്ല ആവി പറക്കുന്ന പുട്ടിനൊപ്പം കുറച്ച് കൊഞ്ച് തീയലും പപ്പടവും ചേർത്ത് കഴിച്ചാൽ അതിന്‍റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. പുട്ടിന്‍റെ കൂടെ മാത്രമല്ല നല്ല ചൂട് ചോറിനൊപ്പവും ഈ കൊഞ്ച് തീയൽ ഉണ്ടെങ്കിൽ മറ്റൊരു കറിയുടേയും ആവശ്യമില്ല. രുചികരമായ കൊഞ്ച് തീയൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകൾ:

  • കൊഞ്ച് വൃത്തിയാക്കിയത് - 250 ഗ്രാം
  • തേങ്ങ ചിരകിയത് - 2 കപ്പ്
  • ചെറിയ ഉള്ളി - 20 എണ്ണം
  • വെളുത്തുള്ളി - 5 അല്ലി
  • ഇഞ്ചി - ഒരു കഷണം
  • കറിവേപ്പില - 2 തണ്ട്
  • മുളകുപൊടി - 3 ടീസ്‌പൂൺ
  • മല്ലിപൊടി - 2 ടീസ്‌പൂൺ
  • മഞ്ഞൾപൊടി - 1 നുള്ള്
  • വാളൻ പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
  • തക്കാളി - 1 എണ്ണം
  • കടുക് - 1/2 ടീസ്‌പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം കൊഞ്ച് തോട് കളഞ്ഞ് കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. പാനിൽ 1 ടേബിൾസ്‌പൂൺ എണ്ണ ചൂടാക്കി വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി (പകുതി), ഇഞ്ചി, തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേർത്ത് ചെറിയ തീയിൽ ഇളക്കുക. ഇവയുടെ നിറം ബ്രൗൺ ആകുന്നത് വരെ മൂപ്പിച്ചെടുക്കുക. ശേഷം മുളകുപൊടിയും, മല്ലിപൊടിയും, ചേർത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.

ഇത് തണുത്തതിന് ശേഷം ആദ്യം അരച്ചെടുക്കുക. വാളൻ പുളി വെള്ളത്തിൽ ലയിപ്പിച്ച ശേഷം പിഴിഞ്ഞ് വെള്ളം അരിച്ചെടുക്കുക. ഒരു പാത്രത്തിൽ ചെമ്മീൻ, പുളി വെള്ളം, തക്കാളി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് നേരം വേവിക്കുക. ഇത് വെന്തതിന് ശേഷം അരച്ച ചേരുവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക. പാനിൽ ഒരു ടേബിൾസ്‌പൂൺ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോൾ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് നല്ല കുത്തരി ചോറിനൊപ്പം സ്വാദിഷ്‌ടമായ ഈ കറി വിളമ്പാം.

Also Read:

പാത്രം കാലിയാകാന്‍ ഇത് മാത്രം മതി; ഉണക്കമീന്‍ ചതച്ചത്, സിമ്പിള്‍ ടേസ്റ്റി റെസിപ്പിയിതാ...

ഉപ്പും മുളകും ചേര്‍ന്നൊരു കിടുക്കാച്ചി ഐറ്റം; പൈനാപ്പിള്‍ ഫ്രൈ, തയ്യാറാക്കാന്‍ മിനിറ്റുകള്‍ മതി

എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ

ABOUT THE AUTHOR

...view details